പോരാട്ടം ശക്തം ഖാർകീവ്, സമ്മി, കീവ് എന്നിവിടങ്ങളിലുള്ളവർ അതിർത്തികളിലേക്ക് നീങ്ങരുതെന്ന് എംബസി കൂടുതൽ അതിർത്തികളിലൂടെ ഇന്ത്യക്കാരെ കൊണ്ടുവരും
ന്യൂഡൽഹി
ശക്തമായ പോരാട്ടം നടക്കുന്ന ഖാർകീവ്, സമ്മി, കീവ് എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസി നിർദേശം നൽകി.
കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ഇവിടെയുള്ളവർ തീവണ്ടി മാർഗം അതിർത്തിയിലേക്ക് വരാൻ ശ്രമിക്കരുതെന്ന് എംബസി നിർദേശിച്ചു. കൂടുതൽ അതിർത്തികൾ വഴി ഉക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും എംബസി അറിയിച്ചു. റൊമാനിയക്കും ഹംഗറിക്കും പുറമെ മോൾഡാവ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
പോരാട്ടം രൂക്ഷമാകുന്നതിന് മുൻപ് ഇന്ത്യക്കാർ തീവണ്ടി മാർഗം അതിർത്തികളിലേക്കെത്താൻ എംബസി അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ പോരാട്ടം രൂക്ഷമായതോടെയാണ് പുതിയ നിർദേശം പുറത്തിറക്കിയത്.
കർഫ്യൂ നീക്കി സാധാരണക്കാർക്ക് പുറത്തിറങ്ങാനുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഈ പ്രദേശങ്ങളിലുള്ളവർ അതിർത്തിയിലേക്ക് നീങ്ങാവൂ എന്നും എംബസി അറിയിച്ചു.
അതേസമയം സാധാരണ നിലയിലുള്ള പ്രദേശങ്ങളിലുള്ളവർക്ക് തീവണ്ടി മാർഗം അതിർത്തിയിലെത്താം.
ആളുകൾക്ക് സുരക്ഷിത മേഖലകളിലേക്ക് എത്തുന്നതിനായി ഉക്രൈൻ സൗജന്യ തീവണ്ടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തനിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കി സംഘമായി യാത്ര ചെയ്യണമെന്നും എംബസി അധികൃതർ നിർദേശിച്ചു.
ആരെങ്കിലും ഒറ്റക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർ ഏതെങ്കിലും ഇന്ത്യക്കാരുടെ സംഘത്തിനൊപ്പം ചേരണമെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."