ചുവന്ന മുടിയുള്ള സ്ത്രീയും ചില പുരുഷന്മാരും
തറവാടിനോടുചേര്‍ന്ന് അപ്പൂപ്പന്റെതന്നെ സ്ഥലത്തായി എന്റെ പിതാവ് ഒരു വീടുവയ്ക്കുന്നത് എണ്‍പതുകളുടെ മധ്യത്തിലാണ്. തറവാടിന്റെ കിണര്‍, കുറച്ചു ദൂരേ ആയതുകൊണ്ട് വീടിന്റെ മുറ്റത്തിന്നടുത്തായി ഒരു കിണറു കുഴിക്കാന്‍ തീരുമാനമായി. കിണറിനു സ്ഥാനം കണ്ടു. പിറ്റേന്നുമുതല്‍ മൂന്നോ നാലോ ചേട്ടന്മാര്‍ വന്ന് ജോലി തുടങ്ങി. വട്ടത്തില്‍ പതുക്കെപ്പതുക്കേ കുഴിച്ച്, ഓരോ ദിവസവും ആഴം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിണര്‍, ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരത്ഭുതമായിരുന്നു. ആദ്യമായാണ് ഇത്തരം ഒരു സംഗതി കാണുന്നത്. അയല്‍പക്കത്തെ പിള്ളാരും കൂടെവന്നിരിക്കും. ഒരു കുട്ടയില്‍ താഴേനിന്ന് മണ്ണ് കോരിവലിച്ച്, കരയ്ക്കിടുന്നതും പണിയുന്നവര്‍ തമ്മിലുള്ള സംസാരവും മറ്റും പതിവുകാഴ്ചകളായി. മുന്‍പ് കുത്തിയിട്ടുള്ള കിണറുകളുടെ വിശേഷങ്ങളെല്ലാം വിശ്രമസമയത്ത് പറയുന്നതു കേള്‍ക്കാന്‍ ചെന്നിരിക്കാറുണ്ട്. വഴിയില്‍ക്കൂടെ പോകുന്ന ചില അഭ്യുദയകാംക്ഷികളും ഇടയ്ക്കുവന്ന് പരിശോധിച്ചിട്ടുപോകും. ആഴം കൂടുന്തോറും ഇടയ്ക്ക് കുടിക്കാനുള്ള വെള്ളവും ചായയും ചിലപ്പോഴെല്ലാം ഒരു പാത്രത്തിലെടുത്ത് കുട്ടയില്‍ വച്ച് ഇറക്കിക്കൊടുക്കും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ. ആ കിണറിന്റെ അടിത്തട്ടില്‍ പാറയായിരുന്നു! പിന്നീട് പാറയൊക്കെ പൊട്ടിച്ചുകഴിഞ്ഞപ്പോഴാണ് വെള്ളംകണ്ടത്. ആ കിണറിലെ വെള്ളംകൊണ്ട് പായസമൊക്കെ വയ്ക്കുന്നതെല്ലാം ഓര്‍മയുണ്ട്. പിന്നീട് അപ്പുറത്തും ഇപ്പറത്തുമുള്ള പുതിയ വീടുകളിലെ കിണറുകളില്‍ വെള്ളം കിട്ടുമ്പോള്‍ വയ്ക്കുന്ന പായസത്തിന്റെ ഒരു പങ്ക് കിട്ടാറുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഈ കാഴ്ച അസാധാരണസംഭവമല്ല.
ഓര്‍ഹന്‍പാമുകിന്റെ 'റെഡ് ഹെയേര്‍ഡ് വുമണ്‍' എന്ന കഥ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ഓര്‍മകളെല്ലാം മനസില്‍ വരുന്നുണ്ടായിരുന്നു.
നാല്‍പതു വര്‍ഷങ്ങളായി തുടര്‍ച്ചയായി നോവലുകളും ലേഖനങ്ങളുമെഴുതി വായനക്കാരുടെ മനസില്‍ ഇടംപിടിച്ചിട്ടുള്ള ടര്‍ക്കിഷെഴുത്തുകാരനായ ഓര്‍ഹന്‍ പാമുകിന്റെ അഭിമുഖങ്ങള്‍ കാണുന്നതുതന്നെ വലിയ സന്തോഷമാണ്. എഴുത്തുജീവിതത്തില്‍ എത്രത്തോളം ആത്മസമര്‍പ്പണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കുന്ന നിരവധി അഭിമുഖങ്ങള്‍ ലഭ്യമാണ്. മറ്റുള്ളയാളുകളുടെ ജീവിതത്തിന് നമ്മള്‍ നല്‍കുന്ന ശ്രദ്ധയാണ് എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സഹായിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍, കാല്‍പനികതയുടെ അതിപ്രസരമോ അമാനുഷികകഥാപാത്രങ്ങളോ വായനക്കാരനെ ഭരിക്കാത്തതുപോലെ, മിത്തും ചരിത്രവും ഭരണകൂടങ്ങളും സാമ്രാജ്യത്വവുമെല്ലാം മിതമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ശൈലി, പാമുക്കിനെ വളരെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനാക്കിമാറ്റിയിട്ടുണ്ട്. എന്നാല്‍ 'റെഡ് ഹെയേര്‍ഡ് വുമണ്‍' എന്ന കൃതി വായിച്ചുകൊണ്ടിരിക്കെ, കുറച്ചുകഴിഞ്ഞപ്പോള്‍ കിണറിലെ പാറകളെപ്പോലേ, വായന കാഠിന്യമേറിയതായിത്തുടങ്ങി. പലപ്പോഴും വായിച്ചുപരിചയിച്ച എഴുത്തുകാരന്‍ നിരാശപ്പെടുത്തുകയാണോ എന്നും തോന്നി. പിന്നീട്, എന്തായിരിക്കും ഇത്തരം ഒരു കൃതിയെക്കുറിച്ച് നോവലിസ്റ്റിനു പറയാനുണ്ടാകുക എന്ന കൗതുകം കുറച്ചേറെ അന്വേഷണങ്ങളിലേക്കായി.
കിണര്‍പണിക്കാര്‍
കഥാപാത്രങ്ങളായി പരിണമിക്കുമ്പോള്‍
'ബ്ലാക്ക് ബുക്ക്' എന്ന പുസ്തകത്തിന്റെ അവസാന മിനുക്കുപണികള്‍ക്കിടയില്‍ അദ്ദേഹം താമസിച്ചിരുന്നതിന്നടുത്ത്, പരമ്പരാഗതരീതിയില്‍ കിണറു കുഴിക്കുന്ന ഒരു സംഘം താമസിച്ച് ജോലി ചെയ്തിരുന്നു. അതായത്, വലിയ യന്ത്രസാമഗ്രികളുടെ സഹായത്തോടെയല്ലാതെ, ആയുധങ്ങള്‍കൊണ്ട് കിണറു കുഴിക്കുന്നവര്‍. അവിടെ കാണപ്പെട്ട ഒരച്ഛനും മകനും; അവരുടെ പരസ്പരമുള്ള ഇടപെടലുകള്‍ വലിയ കൗതുമായി അദ്ദേഹത്തിനു തോന്നി. പകല്‍സമയങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ എപ്പോഴും ശകാരിച്ചുകൊണ്ടിരിക്കുന്ന ആ അച്ഛന്‍, ജോലിക്കുശേഷം സൗമ്യനായ മറ്റൊരാളാകുന്നതുപോലേ പാമുകിനു തോന്നി. സ്വന്തം പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും പാമുക് ചിന്തിക്കുന്നു. ഒരു എഴുത്തുകാരനാണെന്ന ബോധ്യമുള്ളതുകൊണ്ടും ഒരുപക്ഷേ, ഇവര്‍ തന്റെ നോവലിലെ കഥാപാത്രങ്ങളായേക്കുമെന്നുള്ള ഉള്‍ക്കാഴ്ചയാലോ മറ്റോ, ഒരു ചെറിയ ടേപ്പുറെക്കോര്‍ഡറുമായിച്ചെന്ന് കിണറുകുഴിക്കാരുടെ നേതാവ് എന്നു തോന്നുന്ന ആളോട് മണിക്കൂറുകളോളം സംസാരിക്കുന്നു.
1988 ലാണിത് നടക്കുന്നത്. 'റെഡ് ഹെയേര്‍ഡ് വുമണ്‍്' എന്ന നോവല്‍ പുറത്തുവരുന്നത് 2016 ലാണ്. കിണറു കുഴിക്കാന്‍വരുന്ന ഒരാളും അയാളുടെ സഹായിയും പ്രധാനകഥാപാത്രങ്ങളാകുന്നു. സെം എന്ന പ്രധാന കഥാപാത്രമാണ് കഥ പറയുന്നത്. മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള അയാളുടെ കൗമാരകാലം ഓര്‍ത്തെടുത്തുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. സെക്കുലറിസ്റ്റും ഇടതുപക്ഷയനുഭാവിയുമായ അയാളുടെ പിതാവിന്റെ ഫാര്‍മസിയില്‍ രഹസ്യമായി സമാനചിന്താഗതികളുള്ള സുഹൃത്തുക്കള്‍ ഒത്തുകൂടാറുണ്ടെന്നും പിതാവ്, ഇടയ്ക്കിടെ അപ്രത്യക്ഷനാകാറുണ്ടെന്നും അയാള്‍ ഓര്‍ക്കുന്നു. പക്ഷേ, ഏറ്റവുമൊടുവില്‍ പിതാവിനെ കാണാതായതിനുശേഷം ഒരിക്കലും വീട്ടിലേക്കു തിരിച്ചുവരുന്നുമില്ല.
പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന, എഴുത്തുകാരനാകണം എന്നാഗ്രഹിച്ചിരുന്ന സെം, ഒരു ലോക്കല്‍ ബുക്ക് ഷോപ്പില്‍ പഠനത്തിന്നിടയിലും ജോലി ചെയ്തിരുന്നു. പക്ഷേ, കോളജ് വിദ്യാഭ്യാസത്തിനും ജീവിതച്ചെലവുകള്‍ക്കുംവേണ്ടി അമ്മയ്ക്കും അയാള്‍ക്കും അവിടമുപേക്ഷിച്ച് ദൂരേയുള്ള ബന്ധുവിന്റെ വീട്ടില്‍ താമസമാരംഭിക്കേണ്ടിവരികയും ബന്ധുവിന്റെ ചെറിയും പീച്ചും വിളയുന്ന തോട്ടത്തിന്റെ കാവല്‍ക്കാരനായി, കോളജ് തുടങ്ങുന്നതുവരെ ജോലി ചെയ്യാനും തീരുമാനിക്കേണ്ടതായുംവരുന്നു. ഈ ദിവസങ്ങളിലാണ്, തൊട്ടടുത്ത്, കിണറു കുഴിക്കുന്നവരുമായി അയാള്‍ ചങ്ങാത്തത്തിലാകുന്നത്. അവരുടെ സംസാരവും രീതികളും നോക്കിനില്‍ക്കുന്നത് അവന് കൗതുകരമായ ദിനചര്യയായി. പാമുക് വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് പരിചയപ്പെട്ട കിണറുകുഴിക്കാരനും അയാളുമായുള്ള സംസാരങ്ങളുമെല്ലാമായിരിക്കണം മെഹ്മൂദ് എന്ന, ഈ കഥയിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ സൃഷ്ടിയിലേക്കു നോവലിസ്റ്റിനെ സഹായിച്ചിരിക്കുക.
സോഫക്ലീസും പാമുക്കും
കിണറുപണിക്കാര്‍ക്കു കിട്ടുന്ന കൂലി, ഇപ്പോള്‍ കിട്ടുന്നതിനേക്കാള്‍ ഏറെ മികച്ചതാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോളജില്‍ച്ചേര്‍ന്ന് എന്‍ജിനീയറിങ്ങിനു പഠിക്കണമെന്നുള്ളതുകൊണ്ടും അവരുടെ കൂടെക്കൂടാന്‍ ഏറെ പണിപ്പെട്ടിട്ടാണെങ്കിലും അയാള്‍ അമ്മയില്‍നിന്ന് അനുവാദം വാങ്ങുന്നു. ഒരച്ഛനോടെന്നപോലേ, സെമ്മിന് മെഹ്മൂദ് പ്രിയപ്പെട്ടവനാകുന്നു. പക്ഷേ, ഈഡിപ്പസിന്റേതു പോലെയുള്ള ഒരു വിധി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അഭിനേത്രിയായ ചുവന്ന തലമുടിയുള്ള, തന്നേക്കാള്‍ വളരെയധികം പ്രായമുള്ള സ്ത്രീയുമായി അനുരാഗത്തിലാകുന്നത് അയാളുടെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളിലേയ്ക്കയാളെ കൊണ്ടെത്തിക്കുന്നു. അവിടെ അരങ്ങേറുന്ന അപ്രിയ സംഭവങ്ങള്‍ക്കുശേഷം, അയാള്‍ക്ക് കിണറുകുഴിക്കാരുടെ കൂട്ടത്തെ വിട്ട് ആ നഗരത്തില്‍ നിന്ന് ഓടിപ്പോകേണ്ടതായും വരുന്നു.
സോഫക്ലീസിന്റെ ഈഡിപ്പസിന്റെ കഥയെ ഭംഗ്യന്തരേണ ഉള്‍ക്കൊള്ളാനുള്ള ഒരു ശ്രമം ഈ നോവലില്‍ നടത്തിയിട്ടുണ്ട്. മറ്റൊരു ദുരന്തകഥയിലെ, റുസ്താം, സുഹ്‌റെബ് എന്നു പറയുന്ന രണ്ടു കഥാപാത്രങ്ങളെ (പേര്‍ഷ്യന്‍കവിയായ ഫിര്‍ദോവ്‌സിയുടെ അതിപ്രശസ്തകാവ്യമായ 'ഷഹ്നാമെ'യിലെ കഥാപാത്രങ്ങള്‍) സമന്വയിപ്പിക്കാനും പാമുക് ശ്രമിച്ചിട്ടുണ്ട്. ഈഡിപ്പസ് പിതാവിനെ വധിക്കുകയായിരുന്നുവെങ്കില്‍ പിതാവായ റുസ്തം മകനായ സുഹ്‌റെബിനെ മകനാണെന്നറിയാതെ വധിക്കേണ്ടിവരുന്നതായായിട്ടാണ് കവി അവതരിപ്പിക്കുന്നത്. (ഈ കൃതിക്ക് ഒത്തിരി അഡാപ്‌റ്റേഷനുകള്‍ ഉണ്ടായിട്ടുണ്ട്.)
ഈ കൃതികളെപ്പറ്റിയുള്ള പരാമര്‍ശം, നിരവധി അഭിമുഖ സംഭാഷണങ്ങളിലും, പ്രസ്തുത പുസ്തകത്തിന്റെ പ്രമോഷനു വേണ്ടിയുള്ള സംസാരങ്ങളിലൊക്കെ, പാമുക് സ്വയം ആവര്‍ത്തിക്കുന്നുണ്ട്. താനുപയോഗിച്ച സങ്കേതങ്ങള്‍, വായനക്കാരന് മനസിലാകുമോ എന്ന ശങ്ക, ഉണ്ടോയെന്നു പോലും തോന്നിപ്പോകും.
പുസ്തകത്തിന്റെ തുടക്കത്തില്‍, ഈഡിപ്പസ് ദ കിങ്ങിലേയും ഷാഹ്നാമെയിലെയും നീത്‌ഷെയുടെ 'ബര്‍ത് ഓഫ് ട്രാജഡി'യിലെയും ഉദ്ധരണികള്‍ സൂചകങ്ങളായി ചേര്‍ത്തിട്ടുമുണ്ട്.
നോവലിന്റെ പിന്നീടുള്ള വായനയില്‍, സെം, വിവാഹം കഴിക്കുകയും എന്‍ജിനീയറായി ജോലി ചെയ്യുകയും ധനവാനാകുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷേ, നിരന്തരമായ ചില ദു:ഖങ്ങളും ആശങ്കകളും അയാളെ പിന്തുടരുന്നു. തനിക്കറിയാവുന്ന, ദുരന്തകഥകള്‍, അതിലെ, പിതാക്കന്മാര്‍, പുത്രന്മാര്‍ എല്ലാം അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കുന്നു. തന്റെ ഭൂതകാലത്തു സംഭവിക്കാനിടയായ ചില ഗുരുതരമായ തെറ്റുകളെക്കുറിച്ചുള്ള ചിന്ത അയാളുടെ സമാധാനം കെടുത്തുന്നു.
ചുവന്ന മുടിയുള്ള സ്ത്രീയും, മെഹ്മൂദും സെമ്മും തമ്മിലുള്ള ബന്ധമെന്താണ്? എന്തിനാണയാള്‍ ഓടിപ്പോകുന്നത്? പിന്നീട് തിരിച്ചു വരുമ്പോള്‍ കാണുന്ന കാഴ്ചകള്‍ അയാളുടെ ആകുലതകള്‍ക്ക് പരിഹാരമാകുന്നുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായാണ് നോവല്‍ പുരോഗമിക്കുന്നത്.
കിഴക്ക് - പടിഞ്ഞാറന്‍
സാഹിത്യ സംയോജനം
അവസാനഭാഗത്തെ 'റെഡ് ഹെയേര്‍ഡ് വുമണ്‍' എന്ന അധ്യായം, പുരുഷകേന്ദ്രീകൃതമായ ക്ലാസിക്കുകളുടെ അഥവാ ഒരുതരത്തില്‍ പറഞ്ഞാല്‍ പുരുഷാധിപത്യമുള്ള ടര്‍ക്കിയുടെ സംസ്‌കാരത്തെ പൊളിച്ചെഴുതുന്ന പാമുകിന്റെ ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഉദാഹരണമാണ്. മുടിക്ക് ചുവന്ന ചായമടിച്ച സ്ത്രീകളെ ഇസ്താംബൂളില്‍ അത്ര നല്ല അഭിപ്രായത്തോടെയല്ല ഒരുകാലത്ത് ജനം നോക്കിക്കണ്ടിരുന്നത്. തന്റേടികളെന്നോ എന്തിനും സ്വന്തമായി അഭിപ്രായം, അത് പുരുഷന്മാരെ സ്വീകരിക്കുന്നതില്‍വരെ പ്രകടിപ്പിക്കുന്ന ഇവരെ ചെറിയ സംശയത്തോടെ ജനം നോക്കിക്കാണുന്ന ഒരു ഒരു സാമൂഹ്യ ചുറ്റുപാടിലാണ്, ഈ കഥാപാത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഈ കഥാപാത്രമാണ് മറ്റു കഥാപാത്രങ്ങളെ, അച്ഛന്മാരെയും പുത്രന്മാരെയും, കോര്‍ത്തിണക്കുന്ന ഒരു ഘടകം. അതിന്റെ രഹസ്യാത്മകമായ സ്വഭാവം വായനക്കാരുടെ ആസ്വാദനത്തിന്നു വിടുന്നു.
രണ്ട് തരം പിതാക്കന്മാരെ പ്രതിനിധാനം ചെയ്യുന്ന പാമുകിന്റെ നോവല്‍, കിഴക്കും പടിഞ്ഞാറുമുള്ള സാഹിത്യങ്ങളെയും കൂട്ടിയിണക്കാന്‍, ശ്രമിക്കുന്നതായി കാണാം. എഴുത്തുകാരന്‍, എന്താണുദ്ദേശിക്കുന്നതെന്ന് മനസിലാക്കിയുള്ള വായന ഈ കൃതിയുടെ ആസ്വാദനത്തില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. പിതൃപുത്ര ബന്ധങ്ങള്‍, ഏറ്റവും സങ്കീര്‍ണമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന രണ്ട് ക്ലാസിക്കുകളെ, വായനക്കാര്‍ക്കു മുന്‍പില്‍ നിവര്‍ത്തിവച്ചുകൊണ്ട്, സമാന്തര സൃഷ്ടിയെന്നോ പുതുക്കിപ്പണിയലെന്നോ അവകാശപ്പെടാവുന്ന ഒരു നോവലായി, എഴുത്തുകാരന്‍, തന്റെ സൃഷ്ടിയെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സ്ത്രീ സ്വയം തിരിച്ചറിയുന്നതിന്റെ, സ്വയം മാറ്റങ്ങള്‍ക്കു ശ്രമിക്കുന്നതിനെയൊക്കെ വിശദീകരണമെന്നു പറയാവുന്ന രീതിയില്‍ ചുവന്ന നിറമുള്ള മുടിയുള്ള സ്ത്രീയുടെ സാന്നിധ്യം, നോവലിനെ കൂടുതല്‍ ഗഹനമായ/ അല്ലെങ്കില്‍ മുന്‍പ് പരാമര്‍ശിച്ച ഇതിഹാസ കൃതികളില്‍ നിന്നു വ്യത്യസ്തമായ ഒരു വായനയിലെത്തിക്കുന്നു. ആഴങ്ങളില്‍, ഒളിപ്പിച്ചുവച്ചിട്ടുള്ള ചില രഹസ്യങ്ങളുടെ അനാവരണം, നോവലിന്റെ അവസാന ഭാഗങ്ങളെ ഉദ്വേഗഭരിതമാക്കുന്നുണ്ട്. പൊതുവെ വിരസമെന്നു തോന്നാവുന്ന നോവലിന്റെ രണ്ടാംഭാഗ വായന കഴിഞ്ഞു മൂന്നാം ഭാഗത്തെത്തുമ്പോള്‍, കിണറിന്റെ ഏറ്റവുമടിത്തട്ടില്‍ പാറകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ജലം കണ്ടെത്തുന്ന, കിണറുകുഴിക്കാരന്റെ സന്തോഷം പോലെ, നോവലിന്റെ സന്ദേശം വ്യക്തമാകുന്ന വായനക്കാരനും സന്തോഷത്തിനടിമപ്പെടുന്നു.
ഇത്രയുമെല്ലാം അറിഞ്ഞതിന്നുശേഷം പാമുകിന്റെ നോവല്‍ കൂടുതല്‍ അര്‍ഥമുള്ളതായിത്തോന്നി. വ്യക്തിബന്ധങ്ങള്‍, നിരാശ, ദുഃഖം, രാഷ്ട്രീയം തുടങ്ങിയവയെയെല്ലാം പല തരം മിത്തുകളുമായ് സംയോജിപ്പിച്ചുകൊണ്ട്, സ്വന്തമായൊരു സൃഷ്ടി നടത്തുകയാണ് പാമുക് ചെയ്തിരിക്കുന്നത്. അതിലുമുപരി, തന്റെ എല്ലാ നോവലുകളിലുമുള്ളതുപോലെ, ടര്‍ക്കിയുടെ, ഇസ്താംബൂളിന്റെ ഒരു രേഖാചിത്രം വായനക്കാരനു പാമുക്, ഈ നോവലിലും പ്രദാനം ചെയ്യുന്നുമുണ്ട്. അതിലേക്കെല്ലാം നയിച്ചതാകട്ടെ, വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വന്തം കാഴ്ചയില്‍ വന്നുപെട്ട രണ്ടു കിണറുകു
ഴിക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."