ധൂർത്ത്: സർക്കാർ ചെയ്യാത്തത് എന്തിന് മറ്റുള്ളവരോട് പറയണം?
സി.പി.എമ്മിലെ താത്വികനിപുണനും കൂടിയായ മന്ത്രി എം.വി ഗോവിന്ദന് സമൂഹമാധ്യമ ഇടപെടലിന് സൗകര്യം കൂട്ടാനായി പൊതുഭരണ വകുപ്പ് വൻതുക ഇപ്പോൾ അനുവദിച്ചിരിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നമ്മളോട് ആദ്യം പറഞ്ഞത് ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്കായിരുന്നു. ഇതിന് കാരണം, ഉമ്മൻ ചാണ്ടി സർക്കാർ വരുത്തിവച്ച ധൂർത്തും അനാവശ്യ ചെലവുമായിരുന്നെന്നാണ് 2016ൽ അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ പ്രധാനമായും കണ്ടെത്തിയത്. യു.ഡി.എഫ് സർക്കാരിനെതിരേ ആ സമയത്ത് ഉയർന്നുവന്ന ബാർ, സോളാർ അഴിമതിയാരോപണങ്ങൾ ഈ ആക്ഷേപങ്ങൾക്ക് ബലം നൽകുകയും ചെയ്തു.
ഇടതുമുന്നണി സർക്കാർ ചെലവ് കുറച്ച്, ആഡംബരം ഒഴിവാക്കി സംസ്ഥാനത്തെ കടക്കെണിയിൽനിന്ന് കരകയറ്റുമെന്ന് ജനങ്ങൾ വിശ്വസിച്ചു. പക്ഷേ ധൂർത്തും അനാവശ്യ ചെലവും ഇടതുമുന്നണി സർക്കാരിനെയും വിട്ടൊഴിഞ്ഞില്ല. മുൻ എം.പിയും സി.പി.എം നേതാവുമായ എ. സമ്പത്തിനെ സർവപ്രതാപത്തോടെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ സ്വജനപക്ഷപാതത്തിന് ഭരണത്തിന്റെ ആരംഭത്തിൽ തന്നെ തുടക്കമിട്ടത്. കേരളത്തെ ഇത് ഞെട്ടിച്ചുവെങ്കിലും ഭരണകൂടം ഞെട്ടിയില്ല. 90,000 രൂപ ശമ്പളം, സർക്കാർ വാഹനം, ഡൽഹിയിൽ വീട്, ഓഫിസ് പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാർ എന്നിവയെല്ലാം എ. സമ്പത്തിന് അനുവദിച്ചു. മന്ത്രി പദവിക്ക് തുല്യമായ നിയമനത്തിന് കാരണമായി സർക്കാർ പറഞ്ഞത് കേന്ദ്രവുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കാൻ ഡൽഹിയിൽ ഒരു പ്രതിനിധിയുടെ ആവശ്യമുണ്ടെന്നായിരുന്നു. എന്നിട്ട് എ. സമ്പത്ത് കേന്ദ്രവുമായുള്ള സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലുമൊരു ആശയവിനിമയം ഏകോപിപ്പിച്ച് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിയതായി അറിവില്ല. ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയായിരുന്നു എ. സമ്പത്ത്. തെരഞ്ഞെടുപ്പിൽ തോറ്റ വ്യക്തിയെ കാബിനറ്റ് റാങ്കോടെ ഈ വിധം നിയമിക്കുന്നത് ആദ്യമായിരുന്നു. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു റസിഡൻഡ് കമ്മിഷണറും നിരവധി ഉദ്യോഗസ്ഥരും ഉള്ളപ്പോഴായിരുന്നു എ .സമ്പത്തിന് പുതിയ ലാവണം സൃഷ്ടിച്ചത്.
യു.ഡി.എഫ് മന്ത്രിമാരുടെ എണ്ണത്തെ വിമർശിച്ച ഇടതുമുന്നണി, പക്ഷേ അധികാരത്തിൽ വന്നപ്പോൾ യു.ഡി.എഫിനെ നിഷ്പ്രഭമാക്കും വിധം മന്ത്രിമാരുടെ എണ്ണവും വർധിപ്പിച്ചു. കാബിനറ്റ് പദവികളുടെ എണ്ണത്തിൽ റെക്കോഡിട്ടു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കാബിനറ്റ് റാങ്ക് നൽകി ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാനാക്കി. അഴിമതിക്കേസിൽ ശിക്ഷ അനുഭവിച്ച ഏക മന്ത്രിയായ ആർ. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാനാക്കി. വിവാദ പുരുഷനായ രമൺ ശ്രീവാസ്തവയടക്കമുള്ളവരെ പ്രത്യേക പദവി നൽകി മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിൽ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങളത്രയും നടന്നത്. പ്രളയവും കൊവിഡുമായിരുന്നു സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഇതിനിടയിലാണ് സംസ്ഥാന സർക്കാരിൽ സ്വജനപക്ഷപാതവും ധൂർത്തും യഥേഷ്ടം നടന്നുകൊണ്ടിരുന്നത്. ഒന്നാം പിണറായി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്ക് ചെലവ് ചുരുക്കാൻ ചില ചൊട്ടു വിദ്യകൾ പ്രയോഗിച്ചുനോക്കിയെങ്കിലും മന്ത്രിമാരിൽ ഏശിയില്ല. മന്ത്രിമാരുടെ ഫോൺ വിളികളുടെ തുക പതിനായിരത്തിൽ കവിയുന്നതിനാൽ ചുരുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ ഫലിച്ചില്ല. വകുപ്പുകൾ തോന്നിയ മട്ടിൽ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത് തടയുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. തടയാൻ കഴിഞ്ഞില്ല. എല്ലാ വകുപ്പുകൾക്കും ഏഴ് സീറ്റുള്ള വലിയ വാഹനങ്ങളോടാണ് പ്രിയമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷേ ആ പ്രിയവും കുറയ്ക്കാനായില്ല.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സർക്കാർ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് പൊതുസമൂഹം പിന്നെയും വിശ്വസിച്ചു. ജനങ്ങളുടെ വിശ്വാസം പലപ്പോഴും പ്രാവർത്തികമാവണമെന്നില്ലെന്ന് ഈ സർക്കാരിലെ മന്ത്രിമാരും തെളിയിച്ചുകൊണ്ടിരിക്കുന്നു. മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫിസ് മുറിയോടനുബന്ധിച്ച ശുചിമുറി മോടി പിടിപ്പിക്കാൻ ലക്ഷങ്ങളാണ് ചെലവാക്കിയത്. ഇതിനെതിരേയുയർന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലിതാ മന്ത്രി എം.വി ഗോവിന്ദന് വേണ്ടി സമൂഹമാധ്യമ ഇടപെടൽ നടത്തുന്ന സംഘത്തിന് ഓഫിസ് സൗകര്യങ്ങൾ ഒരുക്കാൻ 1.75 ലക്ഷം പൊതുഭരണ വകുപ്പ് അനുവദിച്ചിരിക്കുകയാണ്. ഓഫിസ് നിർമാണത്തിന് വേണ്ടിയല്ല ഇത്രയും തുക അനുവദിച്ചത്. നേരത്തെ വാങ്ങിയ ഇലക്ട്രിക് പോർട്ടുകൾ, എ.സി എന്നിവ സ്ഥാപിക്കുന്നതിന് മാത്രമായാണ് രണ്ട് ലക്ഷത്തിനടുത്ത് രൂപയോളം ചെലവാക്കുന്നത്. ഒരു വലിയ കെട്ടിടത്തിന് പോലും ഇതിനായി ഇത്രയും വലിയ തുക ചെലവാക്കേണ്ടി വരില്ല.
2021 ഒാടെ നിത്യനിദാന ചെലവുകൾക്ക് പണമില്ലാതെ സർക്കാർ വലയുമെന്നും ശമ്പളം, പെൻഷൻ, സാമൂഹ്യ സുരക്ഷാപെൻഷൻ എന്നിവ പോലും മുടങ്ങുമെന്നും അഞ്ചാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷനായിരുന്ന ഡോ. ബി.എ പ്രകാശ് 'ധന ധൂർത്ത് രാഷ്ട്രീയവും രൂക്ഷ ധനപ്രതിസന്ധിയും' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതാണിപ്പോൾ കേരളത്തിൽ പുലർന്നുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ ധൂർത്തടിക്കുന്ന ഒരു സർക്കാരിന് എങ്ങനെയാണ് സോളാർ അഴിമതിയാരോപിച്ച് മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാവുക. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ വി.എസ് ഉന്നയിച്ച അത്തരമൊരാരോപണം തിരിച്ചടിയായതും ഈയിടെയാണ്. വി.എസ് ഉന്നയിച്ച സോളാർ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ കോടതി, വി.എസ് ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം കൊടുക്കാനും വിധിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. 20 വയസുള്ള ഒരു ചെറുപ്പക്കാരൻ ഏതെങ്കിലും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ കയറിപ്പറ്റി രണ്ട് കൊല്ലം കഴിഞ്ഞാൽ പെൻഷനും അർഹനാകും. പിന്നീട് ആജീവനാന്തം അയാൾക്ക് പെൻഷൻ വാങ്ങി കഴിയാം. ഈ ഏർപ്പാട് കേരളത്തിൽ മാത്രമേ നടക്കൂ. യു.ഡി.എഫ് സർക്കാരിന്റെ ധന ധൂർത്തും സ്വജനപക്ഷപാതവും പർവതീകരിച്ചു പറയുന്ന ഇടതുമുന്നണി സർക്കാരും അതിലൊട്ടും പിന്നിലല്ലെന്ന് ഓർമപ്പെടുത്തുന്നത് 'നിങ്ങൾ ചെയ്യാത്തത് എന്തിനാണ് മറ്റുള്ളവരോട് പറയുന്ന'തെന്ന പരിശുദ്ധ ഖുർആൻ സൂക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."