നിങ്ങള്‍ നല്ല ടൂറിസ്റ്ററാണ്,കേരളത്തിലെ കടല്‍ അത്ര ശാന്തമല്ലെന്ന് രാഹുല്‍ ഗാന്ധിയോട് മുഖ്യമന്ത്രി: ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങള്‍ക്കും മറുപടി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്കൊന്നും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകാത്തതെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ പോലും രാഹുല്‍ പോകാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ നല്ല ടൂറിസ്റ്റ് ആണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകള്‍ തീര്‍ത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകള്‍ പോവുകയും നീന്തുകയും ചെയ്യാറുണ്ട്. രാഹുലും അതുപോലെ നീന്തി ശീലിച്ചിട്ടുണ്ടാകും.പക്ഷെ കേരളത്തിലെ കടലുകള്‍ അങ്ങനെയല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ് ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലര്‍ നാട്ടിലുണ്ടെന്നും നെറികേടുകള്‍ ഈ നാട്ടില്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കൈയ്യില്‍ എങ്ങനെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ എത്തിയത്. മത്സ്യത്തൊഴിലാളികളെ പ്രതിപക്ഷം പറ്റിക്കാന്‍ ശ്രമിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്നും കേന്ദ്ര സര്‍ക്കാരിനാണ് അധികാരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.ഒ ഉദ്യോഗാര്‍ഥികളുടെ സെക്രട്ടേറിയറ്റ് സമരത്തെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. ഒഴുവ് റിപ്പോര്‍ട്ട് ചെയ്യാനേ സര്‍ക്കാരിന് കഴിയു. 2021 ഡിസംബര്‍ വരെ വരാനുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അതില്‍ നിയമനം നടത്തി. എന്നിട്ടും അതിന്റെ പേരില്‍ ശവമഞ്ചം ചുമക്കുകയാണ് ചിലര്‍. വസ്തുതകള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ മറച്ചുവെച്ച് പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."