ഉക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചതായി കേന്ദ്രം ഹൈക്കോടതിയില്‍
കൊച്ചി
ഉക്രൈനിലെ എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും തിരിച്ചെത്തിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
19000ലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ക്രോഡീകരിച്ചു കഴിഞ്ഞുവെന്നും എല്ലാവരെയും സൗജന്യമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്. മനു അറിയിച്ചു. ഉക്രൈനിലുള്ള മക്കളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഫയല്‍ ചെയ്ത ഹരജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം.
അതിര്‍ത്തി രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നിയോഗിച്ചതനുസരിച്ച് കേന്ദ്ര മന്ത്രിമാര്‍ ഉടന്‍ പുറപ്പെടുമെന്നും തുടര്‍ നടപടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കുമെന്നും എ.എസ്.ജി അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഉക്രൈനിലെയും സമീപ രാജ്യങ്ങളിലെയും എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. റഷ്യന്‍ ഭരണകൂടത്തിന്റെ സഹകരണവും ഉറപ്പുവരുത്തുന്നുണ്ടന്നും കേന്ദ്രം വിശദീകരിച്ചു. ഹരജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് കൂടുതല്‍ വിശദാശംങ്ങള്‍ തേടി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ ഉക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഉക്രൈന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. നിയന്ത്രണത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുന്നു. കൊടുംതണുപ്പില്‍ ആവശ്യത്തിന് ഭക്ഷണം ഇല്ലാത്ത അവസ്ഥയാണ്. അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യാനുള്ള പണം കുട്ടികള്‍ വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."