കേന്ദ്രീകൃത വിഭാഗീയതകൾ കെട്ടടങ്ങി ; സമ്മേളനം പിണറായിയുടെ സമ്പൂർണ ആധിപത്യത്തിൽ
പ്രത്യേക ലേഖകൻ
കൊച്ചി
രണ്ടു പതിറ്റാണ്ടിലേറെയായി സി.പി.എമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്ന, പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചുള്ള വിഭാഗീയത ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ചെറുചലനം പോലുമുണ്ടാക്കില്ല. 2005ൽ നടന്ന മലപ്പുറം ജില്ലാ സമ്മേളനത്തിൽ കത്തിക്കയറിയ വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ തമ്മിലുള്ള പോര് തുടർന്നുള്ള സമ്മേളനങ്ങളിലും വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ആ അവസ്ഥ ഇപ്പോൾ പാർട്ടിയിലില്ല. പൂർണമായും പിണറായി പക്ഷത്തിന്റെ ആധിപത്യത്തിലൊതുങ്ങിയ പാർട്ടിയാണ് ഇന്ന് സംസ്ഥാന സമ്മേളനത്തിലേക്കു പോകുന്നത്.
2006ൽ വി.എസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്റെ അവസാന കാലത്തോടെ തന്നെ വി.എസ് ഗ്രൂപ്പ് ദുർബലമായിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് വി.എസിനോടൊപ്പം ഉറച്ചുനിന്ന നേതാക്കളിലധികവും ഈ കാലമായപ്പോൾ മറുകണ്ടം ചാടി. എങ്കിലും തുടർന്നുള്ള സംസ്ഥാന സമ്മേളനങ്ങളിലും വി.എസ് പക്ഷം ഉയർത്തിയ വിമർശനങ്ങൾ അലയൊലികൾ സൃഷ്ടിച്ചിരുന്നു.
എന്നാൽ ഈ ഗ്രൂപ്പ് ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ഏറ്റവുമൊടുവിൽ തൃശൂർ സമ്മേളനം നടന്നത്. ആ സമ്മേളനത്തിൽ ദുർബലമായ ചില വിയോജിപ്പുകൾ മാത്രമാണ് ഉയർന്നത്. എന്നാൽ ഇത്തവണ അതുപോലുമില്ല.
വി.എസ് ഗ്രൂപ്പ് ഇപ്പോൾ പാർട്ടിയിൽ ഇല്ല എന്നതു തന്നെയാണ് ഇതിനു കാരണം. പ്രായാധിക്യം കാരണം വി.എസ് ഇപ്പോൾ പൂർണ വിശ്രമത്തിലാണ്. നേരത്തെ അദ്ദേഹം മുന്നോട്ടുവച്ചിരുന്ന രാഷ്ട്രീയ വിയോജിപ്പുകൾ പിൻപറ്റുന്ന ഒരു നേതാവു പോലും ഇപ്പോൾ പാർട്ടിയിലില്ല. അതിന്റെ സമാധാനത്തിലാണിപ്പോൾ പാർട്ടി.
എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലുണ്ടായ തോൽവിയും കുറേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലങ്ങളിലുള്ള ചേരിപ്പോരുകളും ഇപ്പോഴും പാർട്ടിയിൽ സജീവമാണ്. അത് സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിക്കാതിരിക്കാൻ നേതൃത്വം നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രാദേശിക ഭിന്നതകൾ അവസാനിപ്പിക്കാൻ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ കായംകുളം എം.എൽ.എ യു. പ്രതിഭ കഴിഞ്ഞദിവസം ഇട്ട ഫേസ്ബുക്ക് പോസ്‌റ്റോടെ ആലപ്പുഴ ജില്ലയിലെ തർക്കങ്ങൾ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. ഇത് സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."