ഓർമയിൽ വീണ്ടും 1985; ബദൽ രേഖാ വിവാദം
സുനി അൽഹാദി
കൊച്ചി
സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുമ്പോൾ രാഷ്ട്രീയകേരളത്തിന്റെ മനസിൽ 37 വർഷം മുമ്പുള്ള ബദൽ രേഖാ വിവാദവും. അന്നും സംസ്ഥാന സമ്മേളനം കൊച്ചിയിൽ തന്നെയായിരുന്നു. ഏറ്റവും ഒടുവിൽ കൊച്ചി സംസ്ഥാനസമ്മേളനത്തിന് വേദിയൊരുക്കിയത് 1985ലാണ്. ആ സമ്മേളനത്തിലാണ് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ബദൽ രേഖാ വിവാദം ഉണ്ടാകുന്നത്.
എം.വി രാഘവൻ മുന്നോട്ടുവച്ച രാഷ്ട്രീയ നയമായിരുന്നു ബദൽ രേഖ എന്ന വിവാദമായി മാറിയത്. കേന്ദ്ര നയത്തിനെതിരായ ഈ നിലപാട് സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് പാർട്ടി ജനറൽ സെക്രട്ടറി ഇ.എം.എസ് അനുമതി നൽകിയില്ല. പക്ഷേ രേഖ സമ്മേളന പ്രതിനിധികൾക്കിടയിലും മാധ്യമങ്ങളിലും വൻ ചർച്ചയും വിവാദവുമായി മാറി. കോൺഗ്രസാണ് മുഖ്യശത്രുവെന്നും അതിനാൽ മുസ്‌ലിം ലീഗുമായും കേരള കോൺഗ്രസുമായും തെരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദൽ രേഖ. സി.പി.എം നയത്തെ ചോദ്യംചെയ്യുന്ന ബദൽ രേഖയിൽ എം.വി.ആറിനെ കൂടാതെ പി.വി കുഞ്ഞിക്കണ്ണൻ, പുത്തലത്ത് നാരായണൻ, ടി.ശിവദാസമേനോൻ തുടങ്ങിയവരും ഒപ്പിട്ടിരുന്നു. സംസ്ഥാനകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായിരുന്നു ഇവർ . ഇ.കെ നായനാർ ബദൽ രേഖ തയാറാക്കാൻ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തെങ്കിലും ഒപ്പിട്ടിരുന്നില്ല. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്നതിനാലായിരുന്നു ഒപ്പിടാതിരുന്നത്.
ഒരു വർഷം നീണ്ട സംഘടനാ നടപടികൾക്കൊടുവിൽ എം.വി.ആറിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും അദ്ദേഹം സി.എം.പി എന്ന പാർട്ടി രൂപീകരിച്ച് സി.പി.എമ്മിനെതിരേ രംഗത്തിറങ്ങുകയും ചെയ്തു. മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും സി.പി.എം സമ്മേളനം കൊച്ചിയിലെത്തുമ്പോൾ മുസ്‌ലിം ലീഗുമായി ബന്ധം വേണമെന്ന ചർച്ച വീണ്ടും ഉയരുന്നതാണ് രാഷ്ട്രീയ കൗതുകമായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."