മ്യാന്മറില് പ്രക്ഷോഭകര്‍ക്കു നേരെ വീണ്ടും വെടിവയ്പ്; 18 മരണം
നെയ്പിതോ: മ്യാന്മറിലെ ജനാധിപത്യ അനുകൂലികളുടെ പ്രകടനങ്ങള്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പില്‍ 18 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രധാന നഗരമായ യാങ്കൂണിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ ഗ്രനേഡും കണ്ണീര്‍വാതകവും ഫലംചെയ്യാതായപ്പോള് പൊലിസ് വിവേചനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലിസിനെ സഹായിക്കാന്‍ സൈന്യവും രംഗത്തുണ്ടായിരുന്നു.
വെടിയേറ്റ് രക്തത്തില്‍ കുളിച്ച പ്രതിഷേധക്കാരെ കൂടെയുള്ളവര്‍ കൊണ്ടുപോകുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. നെഞ്ചത്ത് വെടിയേറ്റാണ് ഒരാള്‍ മരിച്ചതെന്ന് ആശുപത്രിയില്‍ ചികില്‍സിച്ച ഡോക്ടര്‍ അറിയിച്ചു.
യാങ്കൂണില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ പ്രതിനിധി അറിയിച്ചു. ദാവെയില് മൂന്നുപേരും വെടിയേറ്റു മരിച്ചു. രണ്ടാമത്തെ വന്‍ നഗരമായ മാന്‍ഡലെയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്ന് മ്യാന്മര് നൗ റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊരാള്‍ വനിതയാണ്. തലയ്ക്കു വെടിയേറ്റായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
യാങ്കൂണില്‍ കൊല്ലപ്പെട്ടവരില്‍ അധ്യാപികയും ഉള്‍പ്പെടുന്നു. അധ്യാപകരുടെ പ്രതിഷേധത്തിനു നേരെ പൊലിസ് ഗ്രനേഡുകള്‍ പ്രയോഗിക്കുകയായിരുന്നുവെന്ന് അവരുടെ സഹപ്രവര്‍ത്തക അറിയിച്ചു. ഇതിനകം 15 പേരാണ് പൊലിസിന്റെ വെടിയേറ്റു മരിച്ചത്. എന്നാല്‍ ഒരു പൊലിസുകാരനും കൊല്ലപ്പെട്ടതായി സൈന്യം പറയുന്നു.
മ്യാന്മര് യുദ്ധക്കളമായി മാറിയതായി ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്തെ ആദ്യ കത്തോലിക്കാ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ ട്വീറ്റി. ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂചിയെ തടങ്കലിലടച്ച് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെയാണ് ജനം പട്ടാള ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലുന്നതിനെ ഇന്ത്യയും ഇന്തോനേഷ്യയും യു.എന്‍ മനുഷ്യാവകാശ ഓഫിസും അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."