ഒരു മുഴം മുമ്പേ എറിഞ്ഞ് ജി. സുധാകരൻ
പ്രത്യേക ലേഖകൻ
കൊച്ചി
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് വ്യക്തമായതോടെ ഒരു മുഴം മുമ്പേ എറിഞ്ഞ് മുൻ മന്ത്രി ജി. സുധാകരൻ. തന്നെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കത്തു നൽകി.
കത്തു നൽകിയ കാര്യം അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംസ്ഥാന സമിതിയിൽ പുതിയ ആളുകൾ വരട്ടെയന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ തുടരാമെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നേതൃഘടകങ്ങളിൽ പ്രവർത്തിക്കുന്നതിന് പാർട്ടി 75 വയസ് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് സുധാകരൻ ഇത്തവണ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. വേണമെങ്കിൽ ചിലരെ പ്രത്യേക പരിഗണന നൽകി നേതൃസമിതികളിൽ തുടരാൻ അനുവദിക്കാമന്ന വ്യവ്യസ്ഥയുമുണ്ട്. എന്നാൽ സുധാകരന് ഈ ആനുകൂല്യം ലഭിക്കാനിടയില്ലെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഘടകത്തിൽ നിലനിൽക്കുന്ന ചില തർക്കങ്ങളാണ് സുധാകരന് വിനയാകുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് സുധാകരന്റെ നീക്കമെന്ന് അറിയുന്നു.
മാത്രമല്ല ഈ പ്രായപരിധി പിന്നിട്ട എം.എം മണിയെ സംസ്ഥാന സെക്രട്ടേറിയറ്റിലും ചിലരെ സംസ്ഥാന കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയനെ പൊളിറ്റ് ബ്യൂറോയിലും പ്രത്യേക പരിഗണന നൽകി തുടരാനനുവദിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേതൃത്വത്തെ സമ്മർദത്തിലാക്കി ഇക്കാര്യം പാർട്ടിയിൽ ചർച്ചയാക്കാമെന്ന ലക്ഷ്യവും സുധാകരന്റെ നീക്കത്തിനു പിന്നിലുണ്ടെന്ന് അറിയുന്നു.
സുധാകന്റെ ഈ നീക്കം പാർട്ടി നേതൃത്വത്തിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലും ഘടകത്തിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് അതു പരസ്യപ്പെടുത്തുന്നത് സി.പി.എമ്മിന്റെ സംഘടനാശൈലിക്ക് വിരുദ്ധമാണ്. പാർട്ടി അച്ചടക്കം ലംഘിച്ച സുധാകരനെതിരേ നടപടി വേണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."