അറബിക് സര്‍വകലാശാല ഇനിയും വൈകരുത്
ഓരോ തെരഞ്ഞെടുപ്പുകളിലും വിജയം സ്വപ്നംകണ്ട് വിവിധങ്ങളായ വാഗ്ദാനങ്ങളാണ് മുന്നണികള്‍ മുന്നോട്ടുവയ്ക്കുന്നത്. അധികാരത്തിലേറിയാല്‍ തുടര്‍ന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില പദ്ധതികളുടെ പ്രായോഗികതയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാകുമ്പോഴും അവ നടപ്പാകാതെ പോകുന്നത് എന്തുകൊണ്ടാണ്. മനഃപൂര്‍വമോ മറ്റുചില കാരണങ്ങളോ പറഞ്ഞ് തള്ളിക്കളയുകളും നടപ്പിലാകാതെ പോവുകയും ചെയ്ത വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അറബിക് സര്‍വകലാശാല. സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ ആവശ്യം ബോധ്യമായിട്ടും പലവിധ വാദങ്ങള്‍ പറഞ്ഞ് അതിനെ ഇല്ലാതാക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അധികാരക്കസേരയില്‍ പിടിച്ചുനില്‍ക്കുന്ന നിശ്ചിത താല്‍പര്യമുള്ള ഉദ്യോഗസ്ഥരായിരുന്നു അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഉയര്‍ത്തിയ വാദങ്ങളിലൊന്ന്, സര്‍വകലാശാലയ്ക്ക് ഉത്തരവ് നല്‍കിയാല്‍ അക്കാദമിക് സര്‍വകലാശാലക്കു വേണ്ടിയുള്ള ആവശ്യങ്ങളും ഉയര്‍ന്നുവരും എന്നതായിരുന്നു. അപ്രധാനമായ കാരണങ്ങള്‍ പറഞ്ഞ് അത്തരമൊരു വിഷയത്തെ കുഴിച്ചുമൂടുകയായിരുന്നു അവര്‍ ചെയ്തത്.
മതേതര ഇന്ത്യയില്‍ നിരവധി ഭാഷകള്‍ നിലവില്‍ പ്രയോഗത്തിലുണ്ട്. അവയൊന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഷകളായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. വിവിധ ഭാഷകളാണ് പല സംസ്ഥാനങ്ങളിലും സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കേരളം സാക്ഷരതയിലും ഇതരസംസ്ഥാനങ്ങളേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ പ്രധാന കാരണം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പ്രോത്സാഹനങ്ങളാണ്. അതൊരു ഭാഷയുടെ പേരിലാണെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഏറ്റവും കൂടുതല്‍പേര്‍ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷും അറബിയുമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറു ഭാഷകളിലൊന്നും അറബിയാണ്. മാത്രമല്ല, 150 കോടി ജനങ്ങളുടെ മതകീയ ഭാഷയും ഇരുപതോളം രാജ്യങ്ങളില്‍ 42 കോടി ജനങ്ങള്‍ പ്രഥമഭാഷയായി ഉപയോഗിക്കുന്നതും അറബിയാണ്.
ധാരാളം ക്രൈസ്തവ ഹൈന്ദവ സുഹൃത്തുക്കള്‍ സ്പഷ്ടമായി അറബി സംസാരിക്കുന്നവരും ആശയവിനിമയം നടത്തുന്നവരുമാണ്. അവര്‍ അറബിയെ ഒരു വിഭാഗത്തിന്റേത് മാത്രമെന്ന് ചിന്തിക്കുകയോ വിഭാഗീയത കാണുകയോ ചെയ്യുന്നില്ല. ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറിയ മുസ്‌ലിംകളല്ലാത്തവരില്‍ അധികവും അറബിഭാഷയുമായി തീരെ പരിചയമില്ലാത്തവരാണ്. എന്നാല്‍ ഭാഷ പഠിക്കാനായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് പഠിക്കാനും വിനിമയങ്ങള്‍ കൈമാറാനും ഇന്ന് ധാരാളം സംവിധാനങ്ങളുണ്ട്.
അറബി പഠിപ്പിക്കുന്ന ആയിരക്കണക്കിനു സ്ഥാപനങ്ങള്‍ ഇന്നു കേരളത്തിലുണ്ട്. പതിനായിരക്കണക്കിന് മദ്‌റസകളില്‍ പ്രധാന ഭാഷാപഠനം അറബിയാണ്. സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ 20 ലക്ഷം കുട്ടികള്‍ അറബി പഠിക്കുന്നുണ്ട്. അതു പഠിപ്പിക്കാനായി ഒരു ലക്ഷത്തിലധികം അധ്യാപകരും. ഈ അധ്യാപകരില്‍ മുസ്‌ലിമേതര ആളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാലു സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകളില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റുകളും ചെയറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം ഉന്നത അറബിക് സര്‍വകലാശാല വരുന്നതോടെ ഏകീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം കൈവരിക്കാനും സാധിക്കും. അറബിഭാഷാ പഠനവും അറബി സാഹിത്യങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കേരളീയരുടെ പങ്കിനെക്കുറിച്ചുള്ള അറബി ഗ്രന്ഥങ്ങളും ചരിത്രപുസ്തകങ്ങളും പുറംലോകത്ത് അഭിമാനവും അഭിനന്ദനങ്ങളും ഏറെ നേടിത്തന്നിട്ടുണ്ട്. അവയെല്ലാം ഇനിയും ശക്തിപകരാനും വിദ്യാഭ്യാസപരമായ കരുത്ത് പുറംരാജ്യങ്ങളില്‍ കൂടുതല്‍ വിപുലപ്പെടുത്താനും സഹായകമാകുമെന്ന് മനസിലാക്കിയാണ് ഏറെകാലമായി ഈ ഭാഷയെ സ്‌നേഹിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളുമടങ്ങുന്ന അനേകം പേര്‍ സര്‍വകലാശാലയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നത്. ഇതിനിടെയാണ് ചിലര്‍ അഹങ്കാരത്തിന്റെ അധികാര ദണ്ഡുകളുപയോഗിച്ച് ആ ആശയത്തെ തന്നെ അടിച്ചൊതുക്കാന്‍ ശ്രമിച്ചത്. സര്‍വകലാശാലകളില്‍ അറബി പഠിപ്പിക്കുന്നവരെല്ലാം മുസ്‌ലിമാകണമെന്നില്ലല്ലോ. ലോകോത്തരമായ ഈ ഭാഷയെ ഇനിയും വര്‍ഗീയമായി വേര്‍തിരിക്കരുത്.
ഏറെ പ്രശസ്തമായ അറബിക് ഡിക്ഷ്‌നറി നിര്‍മിച്ചത് ഒരു ക്രൈസ്തവനാണല്ലോ. ലോകത്ത് ശാസ്ത്ര സങ്കേതിക വിജ്ഞാനങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് സ്‌പെയിനിലെ അറബിക് യൂനിവേഴ്‌സിറ്റികളും അറബിക് ഗ്രന്ഥശാലകളുമായിരുന്നു. വൈദ്യശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്‍കാന്‍ ധീഷണാശാലികളായ അറബികളുടെ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ ഏറെ സഹായകമായിട്ടുണ്ടെന്നും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
പറഞ്ഞുവരുന്നത്, അറബിക് സര്‍വകലാശാലക്ക് ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണം. ഇനിയും ഉദ്യോഗസ്ഥ ലോബികളുടെ തിട്ടൂരങ്ങള്‍ക്കു വഴങ്ങുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തില്‍ ആകെ ജനസംഖ്യയില്‍ അഞ്ചു ശതമാനം മാത്രമാണ് സംസ്‌കൃതം ഉപയോഗിക്കുന്നവര്‍. എന്നിട്ടും സംസ്‌കൃത സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിലെ ഒരു മുസ്‌ലിം മന്ത്രിയായിരുന്നു. അവിടെ ആരും വര്‍ഗീയത കണ്ടിരുന്നില്ല. അതൊരു മതേതര നിലപാടായിരുന്നുവെന്ന് വാഴ്ത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."