HOME
DETAILS
MAL
വയനാട്ടിലെ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു
backup
March 01 2021 | 19:03 PM
കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുകഞ്ഞ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നു തുടങ്ങിയതോടെ നേതാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുന്നു. നിയസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മറ്റു പാര്‍ട്ടികളെല്ലാം ശക്തി തെളിയിക്കുന്ന വേളയിലാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന മൂന്നു നേതാക്കള്‍ വയനാട്ടില്‍ പാര്‍ട്ടിവിട്ടത്. അതിനിയും തുടരുമെന്നാണ് സൂചന.
ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.കെ അനില്‍കുമാറാണ് ആദ്യം പാര്‍ട്ടിവിട്ടത്. അനില്‍കുമാര്‍ എല്‍.ജെ.ഡിയില്‍ ചേര്‍ന്നതിനു പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും പാര്‍ട്ടിവിട്ടു. അവര്‍ സി.പി.എമ്മില്‍ ചേക്കേറി. ഇതിനു പിന്നാലെയാണ് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനും കെ.പി.സി.സി അംഗവുമായ കെ.കെ വിശ്വനാഥന്റെ രാജി. ഇന്നലെ രാജിവെച്ച വിശ്വനാഥന്‍ മറ്റു പാര്‍ട്ടികളിലേക്ക് തല്‍ക്കാലം ഇല്ലെന്ന് പ്രഖ്യാപിച്ചത് നേതാക്കള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഇതു പാര്‍ട്ടിക്ക് ക്ഷീണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
കൂടാതെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ശത്രുപാളയത്തിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തന്നെ കൈപ്പത്തിക്കെതിരേ കളത്തിലിറക്കാനാവുമെന്ന കണക്കുകൂട്ടലുകള്‍ എല്‍.ഡി.എഫ് നടത്തുന്നത് ഇവരുടെ പടലപ്പിണക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ്.
ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ഒറ്റുകാരുടെ കൈയിലാണെന്ന ഗുരുതര ആരോപണമുന്നയിച്ചാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പലവയല്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു തോറ്റ കെ.കെ വിശ്വനാഥന്‍ പാര്‍ട്ടിവിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി തന്നെ കോണ്‍ഗ്രസ് അവഗണിച്ചെന്നാണ് അനില്‍കുമാര്‍ ആരോപിക്കുന്നത്. നിരന്തരമുള്ള അവഗണനയില്‍ മനംമടുത്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് സുജയ വേണുഗോപാലും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."