ഭരണത്തിന്റെ മറപിടിച്ച് സി.പി.എം ക്വട്ടേഷന്‍ രാഷ്ട്രീയം നടപ്പാക്കുന്നു : കെ.പി.എ മജീദ്
ആലപ്പുഴ: സംസ്ഥാന ഭരണം ലഭിച്ചതിന്റെ മറവില്‍ സി.പി.എം ക്വട്ടേഷന്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിംലീഗ് ആലപ്പുഴ ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സി.എച്ച് മഹലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മുഖമുദ്ര അക്രമ രാഷ്ട്രീയമാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ നിരപരാധികളെ സി.പി.എം വേട്ടയാടുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് 60 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ജനത്തെ ഭീതിയില്‍ നിര്‍ത്താനുള്ള സി.പി.എമ്മിന്റെ നീക്കം അപകടകരമാണ്. രാജ്യത്ത് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താനുള്ള നീക്കമാണ് നടത്തുന്നത്. അതിനെതിരെ ശക്തമായ സമരവുമായി മുസ്‌ലിംലീഗ് മുന്നിലുണ്ടാകും. സമൂഹത്തിലെ എല്ലാവിഭാഗങ്ങളേയും ഒരുമിച്ച് കൂട്ടി രാജ്യത്തിന്റെ ഐക്യത്തേയും മതേതരത്വത്തേയും തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് എതിരായുള്ള കാംപയിന്‍ മുസ്‌ലിംലീഗ് ആരംഭിച്ചു കഴിഞ്ഞു. ലോക സമാധാനത്തിന് ഭീഷണിയായി തീര്‍ന്ന ഐ.എസ് എന്ന ഭീകര പ്രസ്ഥാനം കേരളത്തിലേക്കും എത്തുന്നത് ആശങ്കാജനകമാണ്. ഇത്തരം ആശയങ്ങളെ പ്രതിരോധിക്കാന്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഐ.എസിനെതിരെ ശക്തമായ കാംപയിന്‍ താഴെതട്ടില്‍ ആരംഭിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
ലീഗ് ജില്ലാ പ്രസിഡന്റ് എം ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജില്ലാ തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ പി. എം.എ സലാം, സമിതി അംഗങ്ങളായ സി.വി.എം വാണിമേല്‍, വി.എസ് അജ്മല്‍ ഖാന്‍ എന്നിവര്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീര്‍, ട്രഷറര്‍ എച്ച് ബഷീര്‍കുട്ടി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കൊച്ചുകളം, ജില്ലാ ഭാരവാഹികളായ എ യഹിയ, എ ഇര്‍ഷാദ്, എം.എ അബൂക്കര്‍ കുഞ്ഞാശാന്‍, ഇ.വൈ.എം ഹനീഫ മൗലവി, എം.എ ലത്തീഫ്, ടി.എ മെഹബൂബ്, എസ് നജ്മല്‍ബാബു, പി.എ ഷാജഹാന്‍, എസ്.എ അബ്ദുല്‍ സലാം ലബ്ബ, ടി.എ അബ്ദുല്‍ ഷുക്കൂര്‍, എസ് കബീര്‍, സീമ യഹിയ, വി.എം.എ ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."