'നമ്മുടെ നെല്ല്, നമ്മുടെ അന്നം': അടുത്ത ചിങ്ങം വരെ നെല്ലുവര്‍ഷം
നെല്‍കര്‍ഷക സബ്‌സിഡികള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
ആലപ്പുഴ: ഉത്പാദന ബോണസ് അടക്കം നെല്‍കര്‍ഷകര്‍ക്കു നല്‍കുന്ന സബ്‌സിഡികള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളില്‍ ചിത്തരകായല്‍ നെല്‍കൃഷിയുടെ ലാഭവിഹിത വിതരണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെല്‍കൃഷിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. അടുത്ത ചിങ്ങം ഒന്നുവരെയുള്ള ഒരു വര്‍ഷം നെല്ലുവര്‍ഷമായി ആചരിക്കും. 'നമ്മുടെ നെല്ല്, നമ്മുടെ അന്നം' എന്നതാണ് മുദ്രാവാക്യം. നെല്‍കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയേ മുന്നോട്ടു പോകാനാകൂ. കാര്‍ഷിക മേഖലയുടെ വികസനത്തിലൂടെ അല്ലാതെ കേരള വികസനം സാധ്യമല്ല. ആറന്‍മുള പോലെ നെല്‍വയലുകള്‍ നികത്തിയുള്ള പദ്ധതികള്‍ക്കൊന്നും സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഏതു സാഹര്യത്തിലും ഒരിഞ്ചു വയല്‍ നികത്താന്‍ അനുവദിക്കില്ല. 365 ദിവസവും അരിയാഹാരം കഴിക്കുന്ന നാട്ടിലെ നെല്‍കൃഷി രണ്ടു ലക്ഷം ഹെക്ടറില്‍ താഴെയായി കുറഞ്ഞു. വയല്‍ നികത്തല്‍ മൂലം ഭൂഗര്‍ഭജല നിരപ്പുവരെ താഴ്ന്നു.
മെത്രാന്‍ കായലില്‍ കൃഷി ഇറക്കുന്നതിനുള്ള പദ്ധതിക്ക് ഭരണ-സാങ്കേതിക അനുമതിയടക്കം ലഭിച്ച് വെള്ളം വറ്റിച്ചു തുടങ്ങിയപ്പോള്‍ തുരങ്കംവയ്ക്കുന്നതിനായി കള്ളക്കേസുമായി ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മത്സ്യപ്രജനനം നടക്കില്ലന്ന പേരിലാണ് രംഗത്തു വന്നിരിക്കുന്നത്. ഇതിനു പിന്നില്‍ ആരാണെന്നും ഉദ്ദേശവും വ്യക്തമായി അറിയാം. അവരുടെ ഉദ്ദേശം നടക്കില്ല. പെയ്ത്തുവെള്ളം ഒഴുകിപ്പോകാത്തതു മൂലം ആര്‍ ബ്ലോക്കില്‍ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. കുട്ടനാട് പാക്കേജ് പ്രകാരം അനുവദിച്ച മോട്ടോറുകള്‍ സെപ്റ്റംബര്‍ 15നകം സ്ഥാപിക്കാമെന്നാണ് കരാറുകാരന്‍ അറിയിച്ചിട്ടുള്ളത്. കരാറുകാരന്‍ സമയബന്ധിതമായി സ്ഥാപിച്ചില്ലെങ്കില്‍ ബ്ലാക് ലിസ്റ്റില്‍ പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ സ്ഥാപിക്കാത്ത സാഹര്യമുണ്ടായാല്‍ പെട്ടിയും പറയും സ്ഥാപിച്ച് വെള്ളം വറ്റിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
നെല്ല് സംഭരിച്ചാലുടന്‍ വില നല്‍കാനുള്ള സംവിധാനം നടപ്പാക്കും. റാണി കായലില്‍ ഉടന്‍ കൃഷിയിറക്കും. കര്‍ഷകരുടെയടക്കം അഭിപ്രായം സ്വരൂപിച്ച് രൂപീകരിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തി കുട്ടനാട് പാക്കേജിനെ കേന്ദ്രസഹായത്തോടെ പുതിയ രൂപത്തില്‍ തിരിച്ചു കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. വര്‍ഷങ്ങളായി തരിശുകിടന്ന പാടശേഖരം കൃഷിയോഗ്യമാക്കി 6000 രൂപ വീതം കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷനായി. ചിത്തിര പാടശേഖര നെല്ലുല്പാദക സമിതി നല്‍കുന്ന സര്‍ക്കാരിനുള്ള ലാഭവിഹിതമായ 11.07 ലക്ഷം രൂപ മന്ത്രി പാടശേഖരസമിതി സെക്രട്ടറി വി മോഹന്‍ദാസില്‍ നിന്ന് ഏറ്റുവാങ്ങി. ഭൂവുടമകള്‍ക്കുള്ള ലാഭവിഹിതമായ 31.01 ലക്ഷം രൂപയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, മുന്‍ എം.പി ടി.ജെ ആഞ്ചലോസ്, മുന്‍ എം.എല്‍.എ എ.എ ഷുക്കൂര്‍, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി. കുളങ്ങര, കൈനകരി ഗ്രാമപഞ്ചായത്ത് അംഗം സുശീലാബാബു, നഗരസഭാംഗം ഐ ലത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി അബ്ദുള്‍ കരീം, പാടശേഖര സമിതി കണ്‍വീനര്‍ ജോസ് ജോണ്‍, ചിത്തിര കായല്‍ പാടശേഖരസമിതി പ്രസിഡന്റ് ജെ മണി, റാണി കായല്‍ പാടശേഖരസമിതി പ്രസിഡന്റ് എ ശിവരാജന്‍, റാണികായല്‍ പാടശേഖരസമിതി സെക്രട്ടറി എ.ഡി കുഞ്ഞച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."