ഖെര്‍സണ്‍ കീഴടക്കി റഷ്യ
മോസ്‌കോ: ഉക്രൈനിലെ പ്രധാന തുറമുഖനഗരമായ ഖെര്‍സണ്‍ പിടിച്ചടക്ക് റഷ്യ. ഖെര്‍സണ്‍ പൂര്‍ണമായും റഷ്യ കീഴടക്കിയതായി ഉക്രൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. മാരിപോളും റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഉക്രൈന്റെ പ്രധാന നഗരങ്ങള്‍ കീഴ്‌പെടുത്താനുള്ള ശ്രമചത്തിലാണ് റഷ്യ.
അതിനിടെ ഉക്രൈനില്‍ നിന്ന് റഷ്യ സൈന്യത്തെ ഉടനടി പിന്‍വലിക്കണമെന്ന താക്കീതുമായി യു.എന്‍ പൊതുസഭാ പ്രമേയം പാസാക്കി. അഞ്ചിനെതിരെ 141 വോട്ടോടെയാണ് പ്രമേയം പാസായത്. ഉക്രൈനില്‍ നിന്ന് സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി പുറത്തുപോകാന്‍ അവസരം ഒരുക്കണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ത്യ യുഎന്നില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
യുദ്ധം റഷ്യയുടെ മാത്രം സൃഷ്ടിയാണെന്ന് യു.എന്നിലെ യുക്രൈന്‍ പ്രതിനിധി സര്‍ജി സില്യത്‌സ്യ കുറ്റപ്പെടുത്തി. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവക്കു പുറമെ തുര്‍ക്കി, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. റഷ്യക്കു പുറമെ നോര്‍ത്ത് കൊറിയ, സിറിയ, എരിത്രിയ, ബെലാറൂസ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. സമാധാന ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
പ്രമേയം പാസായത് റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്.എന്നാല്‍ പ്രമേയം നടപ്പാക്കാന്‍ യു.എന്നിന് കഴിയില്ല. യുക്രൈന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്യുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് യു.എന്‍ പൊതുസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."