ബോക്സ് ഓഫിസില്‍ ഹിറ്റാവാതെ സിനിമാരാഷ്ട്രീയം
കോഴിക്കോട്: താരപ്പൊലിമയുള്ള തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന് ഉറപ്പായി. മത്സരരംഗത്തുണ്ടാവുമെന്ന് പല സിനിമാതാരങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. കൊല്ലത്ത് സിറ്റിങ് എം.എല്‍.എ മുകേഷും പത്തനാപുരത്ത് ഗണേശ്കുമാറും വീണ്ടും മത്സരിക്കും. ധര്മജന് ബോള്‍ഗാട്ടിയും സംവിധായകനും നടനുമായ രഞ്ജിത്തും മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ചു പരാജയപ്പെട്ട സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ കളത്തിലിറങ്ങുമെന്നാണ് സൂചനകള്‍.
സിനിമയില്‍ നിന്നെത്തിയവരെ മലയാളികള്‍ അത്ര സ്വീകരിച്ചിട്ടില്ലെന്നതാണ് ചരിത്രം. അഭ്രപാളികളില്‍ കൈയടി നേടിയ പല താരങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ ബോക്സ് ഓഫിസില്‍ 'ഹിറ്റ്' ആവാനായിട്ടില്ല. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നടന് മുരളിയെ മത്സരിപ്പിച്ച സി.പി.എമ്മിന് കൈപൊള്ളുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എം സുധീരന്റെ ജനകീയതയ്ക്കു മുന്നില്‍ മുരളിക്കു പിടിച്ചുനില്‍ക്കാനായില്ല.
ചലച്ചിത്ര മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജനപ്രതിനിധിയായി എന്ന റെക്കോര്‍ഡ് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി ഗണേശ് കുമാറിനാണ്. 2001 മുതല്‍ തുടര്‍ച്ചയായി നാലുതവണ അദ്ദേഹം പത്താനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. രണ്ടുതവണ മന്ത്രിയുമായി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച നടന് ഇന്നസെന്റ് ജയിച്ചു.
രണ്ടാമൂഴത്തില്‍ ഇന്നസെന്റിന് കാലിടറി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നാണ് നടന് മുകേഷ് സി.പി.എം സ്ഥാനാര്‍ഥിയായി ജയിച്ചുകയറിയത്.
മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ചലച്ചിത്രനടന്മാരായിരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു കഴിഞ്ഞതവണ പത്തനാപുരത്തിന്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഗണേശ് കുമാറിനെതിരേ യു.ഡി.എഫ് രംഗത്തിറക്കിയത് ജഗദീഷിനെയാണ്. ബി. ജെ.പി സ്ഥാനാര്‍ഥിയായി ഭീമന് രഘുവും ഗോദയിലിറങ്ങി. എന്നാല്‍ പത്തനാപുരത്തുകാര്‍ ഗണേശിനൊപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."