റഷ്യ-ഉക്രൈൻ യുദ്ധവും മാധ്യമങ്ങളുടെ വംശീയതയും
സ്വാതി ചതുർവേദി
റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമാകുമ്പോൾ അന്താരാഷ്ട്ര മാധ്യമ നെറ്റ്‌വർക്കുകൾക്കുവേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ പച്ചയായ വംശീയ പ്രതികരണങ്ങൾ ഞെട്ടിക്കുന്നതാണ്. അതിർത്തി കാവൽക്കാർ അഭയാർഥികളെ തടയുന്നതും അഭയാർഥികൾക്കിടയിൽ വ്യക്തമായ വിവേചനവും കാണിക്കുന്നതും രാഷ്ട്രീയ കൃത്യതയുടെ വേഷത്തിൽ വംശീയത എങ്ങനെ തഴച്ചുവളരുന്നുവെന്ന് കാണിക്കുന്നു. ഇന്ത്യക്കാരും അറബികളും ഉൾപ്പെടെയുള്ള വെള്ളക്കാരല്ലാത്ത ആളുകളെ തടഞ്ഞുനിർത്തി അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമായ വിവേചന സ്വരത്തിൽ പറയുകയും ചെയ്യുന്നു. മാധ്യമപ്രവർത്തകരായി യാത്ര ചെയ്യുകയും ജോലി ചെയ്യുകയും ചെയ്യുന്ന നമുക്കെല്ലാവർക്കും വൃത്തികെട്ട വംശീയതയുടെ അസ്തിത്വത്തെക്കുറിച്ച് എല്ലായ്‌പ്പോഴും അറിയാമായിരുന്നു. ഉക്രൈൻ അതിർത്തികളിൽ അത് സ്വീകരിച്ച ക്രൂരമായ രൂപം ഞെട്ടിച്ചു.
പ്രിയ വായനക്കാരേ, ഞാൻ ഒരു ആഗോള പ്രതിസന്ധിയിലാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ആഗോളമാധ്യമങ്ങളിലെ എന്റെ സഹപ്രവർത്തകരുടെ ചില പ്രതികരണങ്ങൾ നിങ്ങളുമായി പങ്കിടട്ടെ. 'ഇത് എനിക്ക് വളരെ വികാരപരമാണ്, കാരണം നീലക്കണ്ണുകളും സുന്ദരമായ മുടിയുമുള്ള യൂറോപ്യൻ ആളുകളെ കൊല്ലുന്നത് ഞാൻ കാണുന്നു' എന്നാണ് ഉക്രൈനിന്റെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ ഡേവിഡ്
സക്വാരേലിഡ്‌സെ കീവിൽ ബി.ബി.സി സ്റ്റുഡിയയോട് സംസാരിക്കവേ പറഞ്ഞത്. സ്റ്റുഡിയോയിലെ അവതാരകൻ ആ വ്യക്തമായ വംശീയ അഭിപ്രായത്തിന് നേർക്ക് പ്രതികരിച്ചില്ല, പക്ഷേ യോജിപ്പോടെ തലയാട്ടി എന്നതാണ് ശ്രദ്ധേയം.
പോകുന്നത് വംശീയപാതയിലൂടെ
യു.കെയിൽ താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ബി.ബി.സിക്ക് നികുതിയിലൂടെ ധനസഹായം നൽകുന്നുണ്ട്. അവിടെ ജനിച്ചവരിൽ വലിയൊരു വിഭാഗം തവിട്ട്, കറുപ്പ് തൊലിനിറമുള്ളവർ അടക്കമുള്ളവരാണ്. വിവേകത്തിന്റെയും സന്തുലിതാവസ്ഥയുടെയും പാതയിലുള്ള ഒരു ബ്രോഡ്കാസ്റ്ററെന്ന റെക്കോഡുള്ളതായി കാണപ്പെട്ടിട്ടും ബി.ബി.സി വംശീയ പാതയിലേക്ക് പോകുന്നത് വിഷമകരമാണ്.
'ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല. ഇത് താരതമ്യേന പരിഷ്‌കൃതമായ യൂറോപ്യൻ നഗരമാണ്'- സി.ബി.എസ് ലേഖകൻ ചാർലി ഡി ആഗത അഭിപ്രായപ്പെട്ടു. ബി.ബി.സിക്ക് സമാനമായി അക്ഷരാർഥത്തിൽ വംശീയതയാണ് ഇതെന്ന് അദ്ദേഹത്തോട് പറയേണ്ടതിന്റെ ആവശ്യകത സി.ബി.എസ് സ്റ്റുഡിയോ കണ്ടെത്തിയില്ല.
'അവർ വസ്ത്രം ധരിക്കുന്ന രീതിയിലാണ് അവരെ നോക്കുന്നത്. ഇവർ സമ്പന്നരായ മധ്യവർഗക്കാരാണ്. ഇവർ പശ്ചമേഷ്യയിൽ നിന്നോ വടക്കേ ആഫ്രിക്കയിൽ നിന്നോ രക്ഷപ്പെടാൻ ശ്രമിക്കുന്ന അഭയാർഥികളല്ല. നിങ്ങളുടെ അടുത്ത വീട്ടിൽ താമസിക്കുന്ന യൂറോപ്യൻ കുടുംബത്തെ പോലെയാണ് അവർ കാണപ്പെടുന്നത്' എന്നാണ് അൽ ജസീറയിലെ ഒരു ജേണലിസ്റ്റ് പറഞ്ഞത്.
ബി.എം ടെലിവിഷൻ ഫ്രാൻസും ഇത്തരം പ്രതികരണം നടത്തി. 'നമ്മൾ 21ാം നൂറ്റാണ്ടിലാണ്; നമ്മൾ ഒരു യൂറോപ്യൻ നഗരത്തിലാണ്, അഫ്ഗാനിസ്ഥാനിലോ ഇറാഖിലോ ഉള്ളതുപോലെ ഞങ്ങൾക്ക് ക്രൂയിസ് മിസൈൽ ആക്രമണമുണ്ട്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ!' എന്നായിരുന്നു ചാനലിലെ ജേണലിസ്റ്റ് പറഞ്ഞത്. അതെ യഥാർഥത്തിൽ നമുക്ക് കഴിയും! പാശ്ചാത്യരാജ്യങ്ങൾ അഫ്ഗാനിസ്ഥാനും ഇറാഖും ആക്രമിച്ചു. ഇറാഖിൽ രാസായുധങ്ങളുടെയും ആണവായുധങ്ങളുടെയും വ്യാജ കഥകൾ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണത്തിന് നേതൃത്വം നൽകിയത്. പാശ്ചാത്യ, യൂറോപ്യൻ മാധ്യമങ്ങൾ ഇവിടെ ഇരയെ വെറുതെ കുറ്റപ്പെടുത്തുന്നുവെന്നത് അവിശ്വസനീയമാണ്.
ഇൻസ്റ്റഗ്രാമും
നെറ്റ്ഫ്‌ളിക്‌സുമുള്ളവർ
ഇത് എളുപ്പമുള്ള വായനയല്ലെന്ന് എനിക്കറിയാം, അതിനാൽ അവസാനമായി ഞാൻ അഞ്ചാമത്തെ തെളിവ് കാണിക്കുന്നു, ഡെയ്‌ലി ടെലിഗ്രാഫ്: 'ഇത്തവണ യുദ്ധം തെറ്റാണ്, കാരണം ആളുകൾ കാണാൻ ഞങ്ങളെപ്പോലെ ഉള്ളവരും ഇൻസ്റ്റഗ്രാം, നെറ്റ്ഫ്‌ളിക്സ് അക്കൗണ്ടുകൾ ഉള്ളവരുമാണ്. ഇത് ഇപ്പോൾ ഒരു ദരിദ്ര വിദൂര രാജ്യത്തിലല്ല'- ഡാനിയൽ ഹന്നൻ എഴുതി. രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, യുദ്ധം ഒരിക്കലും ശരിയായിരിക്കില്ല. അടുത്തത്, അവർ എഴുതുന്ന നമ്മളും അവരും എന്ന ഭാഷ്യം എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഹന്നാൻ സർക്കാസം പരീക്ഷിക്കുകയായിരുന്നോ? എന്നാലും അത് ഒരു ഭയങ്കര പരാജയമാണ്.
അവസാനത്തേത്. ഐ.ടി.വി, യുകെ: 'ചിന്തിക്കാൻ പോലും കഴിയാത്തത് സംഭവിച്ചു. ഇത് വികസ്വര മൂന്നാം ലോകരാഷ്ട്രമല്ല. ഇതാണ് യൂറോപ്പ്'- എന്ന് അവർ കുറിച്ചു.
തീർച്ചയായും അത് ഉച്ചത്തിലുള്ളതും അഭിമാനത്തോടെ പറയുന്നതുമായ വംശീയതയാണ്. ഞാൻ ലണ്ടനിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ അന്ന് ഇത് ഇത്രയ്ക്കും ഉച്ചത്തിലായിരുന്നില്ല, ഇത്രക്കും പ്രകടമാവാതിരുന്ന വംശീയത എല്ലാ കാലത്തും നിലനിന്നിരുന്നെങ്കിലും.
പക്ഷേ, നാമെല്ലാവരും ആഗോള പൗരന്മാരും എല്ലാ രാജ്യങ്ങളും തുല്യ പ്രാധാന്യമുള്ളവരുമായ ഒരു പുതിയ ലോകമായിരിക്കേണ്ടതായിരുന്നില്ലേ ഇത്? ആയില്ലെന്ന് വ്യക്തം. ആഗോള മാധ്യമങ്ങൾ ഉക്രൈനിൽ നിന്ന് പറയുന്നതായി തോന്നിയത്, നിങ്ങൾ സൗന്ദര്യമുള്ളവരും നീലക്കണ്ണുള്ളവരുമല്ലെങ്കിൽ നിങ്ങളുടെ രാജ്യങ്ങൾ ആക്രമിക്കപ്പെടുന്നതും യൂറോപ്യന്മാരല്ലാത്തവരെ അഭയാർഥികളാക്കി ചുരുക്കുന്നതും ശരിയാണെന്നാണ്. വെള്ളക്കാരന്റെ നാഗരികതയുടെ ഭാരത്തിന് വെള്ളക്കാരായ യൂറോപ്യൻമാരുടെ വംശീയത ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഇത് തിന്മയുടെ സാധാരണത്വത്തിന് സമാനമായ ദൈനംദിന വംശീയതയാണ്. ഇത്രയും ഭയാനകമായ വംശീയ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് ശരിയാണെന്ന് ആഗോള മാധ്യമങ്ങൾ എങ്ങനെ കരുതുന്നു. സ്റ്റുഡിയോയിൽ സംസാരിക്കുന്ന തലവന്മാരോ അവതാരകരോ അത് വിളിച്ച് പോലും പറയില്ല. നിങ്ങൾക്ക് വംശീയ ഉള്ളടക്കം സംപ്രേഷണം ചെയ്യാനാകില്ലെന്ന് മിക്ക രാജ്യങ്ങളിലുടനീളമുള്ള പ്രക്ഷേപണ നിയമങ്ങൾ വ്യക്തമാണ്. പക്ഷേ, ന്യൂനപക്ഷങ്ങൾക്കെതിരേ ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങൾ എന്ന് വിളിക്കപ്പെടുന്ന ചിലരുടെ ഉള്ളടക്കങ്ങളിൽ എനിക്ക് ലജ്ജ തോന്നുന്നു. ആഗോളമാധ്യമങ്ങളിൽ എനിക്ക് ഇപ്പോൾ അതേ നാണക്കേട് തോന്നുന്നു.
(കടപ്പാട്: ഗൾഫ് ന്യൂസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."