ശ്രീ എമ്മുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പം; വെട്ടിലായി സി.പി.എം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംഘ്പരിവാര്‍ സഹയാത്രികനും ആത്മീയ ഗുരുവുമായി അറിയപ്പെടുന്ന ശ്രീ എമ്മുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പം തുടര്‍ ഭരണം ലക്ഷ്യംവച്ച് നീങ്ങുന്ന സി.പി.എമ്മിനെ വെട്ടിലാക്കുന്നു. ശ്രീ എമ്മിന്റെ സത്‌സങ് ഫൗണ്ടേഷന് തലസ്ഥാനത്ത് യോഗ സെന്റര്‍ സ്ഥാപിക്കാന്‍ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയതോടെയാണ് മുഖ്യമന്ത്രിയും ശ്രീ എമ്മുമായുള്ള രഹസ്യബാന്ധവം പുറത്തു വരുന്നത്.
തലസ്ഥാനത്ത് ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് പത്തു വര്‍ഷത്തേക്ക് ശ്രീ എമ്മിന് ലീസിനു നല്‍കിയത്.
അതും അവസാന മന്ത്രിസഭാ യോഗത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ പ്രധാന ആര്‍.എസ്.എസ് നേതാക്കളുമായും സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതുമായും ആത്മബന്ധമുണ്ടാക്കാന്‍ ഇടനിലക്കാരനായി നിന്നത് ശ്രീ എമ്മാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നെങ്കിലും സി.പി.എമ്മിലെ പ്രമുഖര്‍ തന്നെ അത് നിഷേധിച്ചിരുന്നു. എന്നാല്‍ എല്ലാ വെളിപ്പെടുത്തലുകളുമായി ഇക്കണോമിക് ടൈംസിന്റെ ന്യൂഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണന്‍ രചിച്ച The RSS And The Making of The Deep Nation എന്ന പുസ്തകം പുറത്തു വന്നതോടെയാണ് സി.പി.എം വെട്ടിലായത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയോടെ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോഴാണ് പുറംലോകത്ത് എത്തിയത്. 2014ല്‍ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കായി ശ്രീ എം നടത്തിയ യോഗ ക്യാംപാണ് പിണറായിയുമായുള്ള ബന്ധത്തിന്റെ തുടക്കം. ഈ ക്യാംപില്‍ പിണറായി വിജയനും പങ്കെടുത്തിരുന്നു.
ആര്‍.എസ്.എസിന്റെ കത്തിമുനക്ക് ഇരയായ നിരവധി രക്തസാക്ഷികളുടെ കുടുംബത്തെ അധികാരത്തിനു വേണ്ടി പിണറായി വിജയന്‍ ആര്‍.എസ്.എസിന് ഒറ്റുകൊടുത്തുവെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയതെന്ന് ചില നേതാക്കള്‍ പറയുമ്പോഴും എന്തുകൊണ്ട് ഇത് പാര്‍ട്ടി ഘടകങ്ങളില്‍ അറിയിച്ചില്ലെന്നതും ദുരൂഹതയായി തുടരുന്നു.
ശ്രീ എമ്മുമായി അടുത്തതിനു ശേഷം ആര്‍.എസ്.എസുകാര്‍ പ്രതികളായ പല കേസുകളിലും സര്‍ക്കാര്‍ മെല്ലേപോക്ക് നയം സ്വീകരിച്ചിരുന്നു. ശബരിമലയില്‍ കലാപം അഴിച്ചുവിടാന്‍ നേതൃത്വം നല്‍കിയെന്ന് സി.പി.എം തന്നെ ആരോപിക്കുന്ന വിഭാഗ് പ്രചാര്‍ പ്രമുഖ് വല്‍സന്‍ തില്ലങ്കേരിക്കെതിരേയുള്ള നിരവധി കേസുകളാണ് പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് തീര്‍ത്തതെന്നതും മുഖ്യമന്ത്രിയും ആര്‍.എസ്.എസുമായുള്ള ആത്മബന്ധത്തിന്റെ ആഴംകൂട്ടുന്നു.
ശ്രീ എമ്മിന്റെ മധ്യസ്ഥ
ചര്‍ച്ച സ്ഥിരീകരിച്ച്
പി. ജയരാജന്‍
കണ്ണൂര്‍: ശ്രീ എം മധ്യസ്ഥനായി സി.പി.എം ആര്‍.എസ്.എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതു സ്ഥിരീകരിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്നാണു കണ്ണൂരിലെ യോഗം നടന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ മുമ്പും ശേഷവും നടന്നിട്ടുണ്ട്. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കു സവിശേഷതയുണ്ട്.
മറ്റെല്ലാ ഉഭയകക്ഷി ചര്‍ച്ചകളും അതാത് സമയത്തെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലപ്പെട്ടവരുടെ സാന്നിധ്യത്തിലാണു നടന്നത്. എന്നാല്‍ മേല്‍പറഞ്ഞ ചര്‍ച്ച ശ്രീ എം മുന്‍കൈയെടുത്താണു നടത്തിയത്. ഇതിനെ ആര്‍.എസ്.എസ്-സി.പി.എം രഹസ്യബാന്ധവമെന്നു ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള വസ്തുതകള്‍ വിശദീകരിക്കുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."