എം എ യൂസുഫലി കിഴക്കൻ മേഖല ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി
ദമാം: സഊദിയിൽ നൂറ് ഷോപ്പിങ് സെൻ്ററുകൾ തുറക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. നിലവിൽ 26 ഷോപ്പിംഗ് സെന്ററുകളാണ് സഊദിയുടെ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിനുള്ളത്. കിഴക്കൻ സഊദിയിലെ പുതിയ ഷോപ്പിംഗ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ചെത്തിയ എം ആം യൂസുഫലി കിഴക്കൻ മേഖല ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ മേഖല ഗവർണ്ണർ സഊദ് ബിൻ നായിഫ് രാജകുമാരനുമായാണ് കൂടിക്കാഴ്ച നടത്തിയത്. ദമാമിലെ ഗവർണ്ണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. ലുലു ഗ്രൂപ്പ് കിഴക്കൻ സഊദിയിൽ ഉൾപ്പെടെ സഊദി അറേബ്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ യൂസഫലി ഗവർണർക്ക് വിശദീകരിച്ചു.
രണ്ട് ശതകോടി ഡോളറിന്‍റെ പുതിയ നിക്ഷേപ പദ്ധതികളാണ് ലുലു സഊദിയിൽ ലക്ഷ്യം വെക്കുന്നത്. 2026 ഓടെ 10,000 സഊദി പൗരന്മാർക്ക് ജോലി നൽകുന്നതിനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇതിൽ സഊദിവത്കരണം പാലിച്ചു തന്നെ മലയാളികളായ പ്രവാസികൾക്കും അവസരമുണ്ടാകും. ദമാമിലെ ലുലു ഷോപ്പിങ് മാൾ ഉദ്ഘാടനത്തിന് ശേഷം ലുലു ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരുന്നു.
സഊദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ രാജ്യത്തിൻ്റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണ്ണർ പറഞ്ഞു. ദീർഘവീക്ഷണമുള്ള സഊദി ഭരണാധികാരികളുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് എം.എ.യൂസഫലി നന്ദി പ്രകടിപ്പിച്ചു. ലുലു സഊദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ദമാം റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."