അവിടെ കീവിൽ മിസൈൽവർഷം, ഇവിടെ ഉക്രൈൻ വനിതയ്ക്ക് മംഗല്യം
ഹൈദരാബാദ്
ഉക്രൈനിൽ ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം തലസ്ഥാനമായ കീവിലേക്കും മറ്റു തന്ത്രപ്രധാന മേഖലകളിലേക്കും വ്യാപിക്കുന്നതിനിടെ, ഉക്രൈൻ യുവതിയുടെ കഴുത്തിൽ മിന്നുചാർത്തി ഹൈദരാബാദുകാരൻ.
പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നിർദേശപ്രകാരം റഷ്യൻ സേന ഉക്രൈൻ മണ്ണിൽ അധിനിവേശം ആരംഭിച്ചതിന്റെ തലേദിവസമാണ് ഹൈദരാബാദുകാരൻ പ്രതീക് ഉക്രൈൻ സ്വദേശിനിയായ ല്യുബോവിനെ ജീവിതസഖിയാക്കുന്നത്. ചടങ്ങുകൾ നടന്നത് ഉക്രൈനിലായിരുന്നെങ്കിലും ആക്രമണം മുന്നിൽക്കണ്ട് ഇരുവരും ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദിൽ വരൻ പ്രതീകിന്റെ കുടുംബം ഒരുക്കിയ വിരുന്നിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുകയും ചെയ്തു.
പരമ്പരാഗത ഇന്ത്യൻ രീതിയിൽ, ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങിൽ ഹൈദരാബാദിലെ ചിൽകുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി സി.എസ് രംഗരാജനാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ഉക്രൈൻ മണ്ണിലെ റഷ്യൻ അധിനിവേശം അവസാനിക്കാൻ തന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടക്കുന്നതായി ചടങ്ങുകൾക്ക് ശേഷം പൂജാരി രംഗരാജൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."