ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തെ തറപറ്റിച്ച് തൃണമൂൽ 102 മുനിസിപ്പാലിറ്റികളും തൃണമൂലിന്റെ കൈയിൽ
കൊൽക്കത്ത
ബംഗാളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും.
108 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 102ഉം പിടിച്ചടക്കിയായിരുന്നു തൃണമൂലിന്റെ തേരോട്ടം. 27 നഗരസഭകളിൽ മുഴുവൻ വാർഡുകളും തൃണമൂൽ തൂത്തുവാരി. മുഖ്യപ്രതിപക്ഷമായിരുന്ന ബി.ജെ.പിക്കും കോൺഗ്രസിനും ഒരു നഗരസഭയിൽ പോലും ഭരണം പിടിക്കാനായില്ല.
സി.പി.എം നേതൃത്വം കൊടുത്ത ഇടതുമുന്നണിക്കും ഹംറോ പാർട്ടിക്കും ഓരോ നഗരസഭകളിൽ ഭരണം പിടിക്കാനായി. നാദിയ ജില്ലയിലെ താഹിർപൂരിലാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. രാഷ്ട്രീയത്തിൽ പിച്ചവയ്ക്കുന്ന ഹംറോ പാർട്ടി ഡാർജ്‌ലിങ് മുനിസിപ്പാലിറ്റിയാണ് പിടിച്ചടക്കിയത്. ഇവിടെ പ്രതിപക്ഷ കക്ഷികളായിരുന്ന തൃണമൂൽ കോൺഗ്രസ്, ജി.ജെ.എം, ബി.ജെ.പി എന്നിവരെയാണ് ഹംറോ പാർട്ടി പിന്നിലാക്കിയത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും കുടുംബത്തിനും വലിയ സ്വാധീനമുണ്ടായിരുന്ന കാന്തി മുനിസിപ്പാലിറ്റി തൃണമൂൽ പിടിച്ചടക്കിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയയാളാണ് സുവേന്ദു. ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തതിനാൽ നാലു മുനിസിപ്പാലിറ്റികളിൽ തൂക്കുഭരണമാണ് നിലവിലുള്ളത്. ഇവിടെ സ്വതന്ത്രരുടെ തീരുമാനം നിർണായകമാവും.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിയ കനത്ത വെല്ലുവിളികൾക്കിടയിലും ഭരണം നിലനിർത്തിയ മമതയ്ക്കും തൃണമൂലിനും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം വലിയ ആശ്വാസമായി.
തെരഞ്ഞെടുപ്പിൽ തൃണമൂലിന് വലിയ വിജയം സമ്മാനിച്ച വോട്ടർമാർക്ക് മുഖ്യമന്ത്രി മമതാ ബാനർജി നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."