ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന പരാതി; ലോകായുക്തയിൽ തുടർവാദം ഇന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ലോകായുക്ത ഇന്ന് തുടർവാദം കേൾക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദുമാണ് തുടർവാദം കേൾക്കുക.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിൻ്റേതാണെന്നും അതിൽ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്നും ലോകായുക്ത ചോദിച്ചിരുന്നു.
മന്ത്രിസഭയുടെ അംഗീകാരത്തോടുകൂടിയാണ് പരാതിയിൽ ഉന്നയിച്ചിരുന്ന മൂന്നുപേർക്കും ധനസഹായം അനുവദിച്ചതെന്നും മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും സ്വജനപക്ഷപാതം കാട്ടി പണം അനുവദിച്ചിട്ടില്ലെന്നുമാണ് സർക്കാർ വാദം.
എന്നാൽ സംസ്ഥാന സ്വത്തിന്റെ ട്രസ്റ്റി എന്ന നിലയിൽ മന്ത്രിസഭയുടെ തീരുമാനപ്രകാരം ധന ദുർവിനിയോഗം നടത്തിയാൽ പോലും ചോദ്യം ചെയ്യാമെന്നും അതിന് മന്ത്രിമാർ ഉത്തരവാദികളാണെന്നുമുള്ള നിരവധി കോടതി വിധികൾചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ എതിർവാദം ഉന്നയിക്കുന്നത്.
മറ്റാർക്കും അനുവദിക്കാത്ത സാമ്പത്തിക സഹായം സ്വന്തം പാർട്ടിക്കാർക്ക് അനുവദിച്ചത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ആണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
എൻ.സി.പി നേതാവ് ഉഴവൂർ വിജയൻ്റെയും 2017 ഒക്ടോബർ നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലിസ് ഉദ്യോഗസ്ഥൻ്റെയും 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രൻ്റെയും കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."