20,000 ഇന്ത്യന്‍ പൗരന്മാരില്‍ 60% ഉക്രൈൻ അതിര്‍ത്തി കടന്നതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിദ്യാർഥികളെ തിരികെയെത്തിക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി
ഉക്രൈനിലുണ്ടായിരുന്ന 20,000 ഇന്ത്യന്‍ പൗരന്മാരില്‍ 60% ശതമാനവും അതിര്‍ത്തി കടന്നതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇതില്‍ 30% ഇന്ത്യയിലെത്തുകയും 30% പേര്‍ ഇന്ത്യയിലേക്ക് പോരാനായി അയല്‍രാജ്യത്ത് സുരക്ഷിതരായി എത്തിയിട്ടുമുണ്ട്. ബാക്കിയുള്ള 40% ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുകയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് വിശദീകരണം നല്‍കി.
ഉക്രൈനിലുള്ള മക്കളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഫയല്‍ ചെയ്ത ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. അതേസമയം ഹരജിയില്‍ പേര് പറയുന്ന കുട്ടികള്‍ ഹംഗറി അതിര്‍ത്തി കടന്നെന്നും ബുഡാപെസ്റ്റിലേക്ക് ട്രെയിന്‍ കയറാന്‍ പോകുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
'ഓപറേഷന്‍ ഗംഗ'ക്ക് കീഴില്‍ ഇന്ത്യന്‍ പൗരന്മാരെ ഉക്രൈനിന്റെ അയല്‍രാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ എത്തിയവരില്‍ അധികവും ഉക്രൈനിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് താമസിച്ചവരായിരുന്നു. ഇനി ഏകദേശം 7000 മുതല്‍ 8000 വരെ ഇന്ത്യന്‍ പൗരന്മാരാണ് ഉക്രൈനില്‍ തുടരുന്നത്. ഇതില്‍ പ്രധാനമായും ഉക്രൈനിന്റെ കിഴക്ക് ഭാഗത്ത് റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരാണ്. അവരെ എത്രയും വേഗം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവ കൂടാതെ ഉക്രൈനിന്റെ മറ്റ് അയല്‍രാജ്യങ്ങളായ സ്ലൊവാക്യ, മോള്‍ഡോവ എന്നിവിടങ്ങളിലും ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതരായി എത്തിയിട്ടുണ്ട്. അവര്‍ ഇന്ത്യന്‍ മണ്ണില്‍ എത്തുന്നതുവരെ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണവും പാര്‍പ്പിടവും ഗതാഗത സൗകര്യവും നല്‍കുന്നുണ്ട്.
ഉക്രൈനിലുണ്ടായിരുന്ന 20,000 ഇന്ത്യന്‍ പൗരന്മാരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. ഉക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് അതിര്‍ത്തി കടന്നവരിൽ ഫെബ്രുവരി 16 മുതല്‍ 23ാം തീയതി വരെ ഏകദേശം 4,000 ഇന്ത്യന്‍ പൗരന്മാര്‍ വാണിജ്യ വിമാനങ്ങള്‍ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നല്ലാതെ ഒഴിപ്പിക്കുന്നവരില്‍ നിന്നും ഫ്‌ളൈറ്റ് ചാര്‍ജ് ഈടാക്കുന്നില്ലെന്നും മാര്‍ച്ച് ഒന്നിന് 15 വിമാനങ്ങളും ഇതിനകം 26 വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."