ബംഗാള്‍ തെരഞ്ഞെടുപ്പാണോ യോഗിക്ക് സ്ത്രീ സുരക്ഷയേക്കാള്‍ പ്രധാനം'- ഹാത്രസ് സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി തൃണമൂണ്‍ എം.പി നുസ്റത്ത് ജഹാന്
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തൃണമൂണ്‍ എം.പി നുസ്റത് ജഹാന്. ലൈംഗിക ആക്രമണകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയശേഷം പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിന് പിന്നാലെയാണ് നുസ്റത്ത് ജഹാന് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബി.ജെ.പിയും യോഗി ആദിത്യനാഥും എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കുമെന്ന് പറയുന്നതെന്ന് അവര്‍ ചോദിച്ചു.
'ഞെട്ടിക്കുന്ന സംഭവം. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടന്ന ദുരന്തം വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്തുകൊണ്ടാണ് യോഗി ആദിത്യനാഥ് ഈ കുടുംബത്തിന്റെ സുരക്ഷക്ക് പ്രധാന്യം നല്‍കാത്തത് ബംഗാള്‍ തെരഞ്ഞെടുപ്പാണോ ബി.ജെ.പിക്ക് പ്രധാനം'-അവര്‍ ട്വീറ്റ് ചെയ്തു.
ബംഗാളിലെ മാല്‍ഡയില്‍ തൃണമൂല്‍ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന യോഗി ആദിത്യനാഥിന്റെ പ്രതികരണത്തിന് പിന്നാലെയാണ് യു.പിയിലെ ദാരുണ സംഭവം. മമത ബാനര്‍ജി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു ആദിത്യനാഥിന്റെ പ്രചാരണ പ്രസംഗം. 'ബംഗാളില്‍ അരാജകത്വം നിറഞ്ഞിരിക്കുന്നു. പൗരന്മാര് വേദനിക്കുന്നു. സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. ബംഗാളില്‍ മാറ്റം ഉറപ്പാക്കണം' യോഗി ആദിത്യനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."