ബി.ജെ.പി ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ധനമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇ.ഡി.യെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ധനകാര്യ സ്ഥാപനത്തോട് ഇടപെടുന്നതിനു ചട്ടമുണ്ട്. കിഫ്ബിയെ പൊളിക്കാനാണ് കേന്ദ്ര നീക്കമെങ്കില്‍ നടക്കില്ല. ബിജെപിയുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 കോടി രൂപ മുന്‍കൂറായി വായ്പ എടുത്തു വച്ചിട്ടുണ്ടെന്നും അതുകൊണ്ട് കിഫ്ബി പൊളിയാന്‍ പോകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്ബി ബോണ്ട് വാങ്ങുന്നതു വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയില്ല. ചട്ടങ്ങള്‍ പാലിച്ചാണ് ബോണ്ട് വാങ്ങുന്നത്. ഫെമ ആക്ടിന്റെ ലംഘനത്തിനാണ് കിഫ്ബിക്ക് ഇഡിയുടെ നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഫെമ നടപ്പിലാക്കുന്നതിനുള്ള ഏജന്‍സി റിസര്‍വ് ബാങ്കാണ്. ഫെമ നിയമത്തിനു കീഴില്‍ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ആര്‍ക്കൊക്കെയാണ് വായ്പയെടുക്കാന്‍ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ബോഡി കോര്‍പറേറ്റിനും വായ്പയെടുക്കാം. മാര്‍ഗനിര്‍ദേശ പ്രകാരം കിഫ്ബി ബാങ്കുകള്‍ വഴി ആര്‍ബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തല്‍ വിഡ്ഢിത്തമാണ്. സര്‍ക്കാരല്ല, ബോഡി കോര്‍പറേറ്റായ കിഫ്ബിയാണ് വായ്പ എടുക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."