ടെസ്റ്റില്‍ 'സെഞ്ചൂറിയനാവാന്‍' കോഹ്‌ലി
ക്രിക്കറ്റിലെ ലോക റെക്കോഡുകള്‍ ഓരോന്നായി വെട്ടിപ്പിടിച്ചിരുന്ന കോഹ്‌ലിയുടെ ഈയിടെയുള്ള മൈതാനത്തെ പ്രകടനം ലോക ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര സുഖകരമായി തോന്നുന്നില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഓരോ റെക്കോഡുകളും കീഴടക്കി മുന്നേറിയിരുന്ന കോഹ്‌ലി ഇനിയും ഒട്ടനവധി നാഴികക്കല്ല് താണ്ടി ലോക ക്രിക്കറ്റിന്റെ അമരത്തെത്തുമെന്ന് വരെ പ്രവചിച്ചവരുണ്ടായിരുന്നു. ഒരു കണക്കിന് ആ പ്രവചനം സത്യമാവുകയും ചെയ്തു- ഒരു കാലയളവ് വരെ, കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ. അവിടുന്നിങ്ങോട്ട് കോഹ്‌ലിയുടെ വിശ്വപ്രതിഭയെന്ന അംഗീകാരത്തിന് ചെറിയൊരു വിള്ളല്‍ വീണിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താരത്തിന്റെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പോലും പിറന്നിട്ടില്ലയെന്നത് ഇതിനൊരു ഉദാഹരണം മാത്രം. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലെ പ്രകടനവും പിന്നാലെയുള്ള ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള ഒഴിഞ്ഞുമാറലുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കോഹ്‌ലിയെന്ന ഇതിഹാസം ക്രിക്കറ്റ് മൈതാനത്ത് നിന്ന് അകലുന്നതായുള്ള സൂചനയും പ്രകടമായി. അതിനിടെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതും കോഹ്‌ലിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമായി. അതൊക്കെ ഉള്ളില്‍ ഒരു നീറ്റലായി കൊണ്ടുനടക്കവേ, നാളെ ശ്രീലങ്കയ്‌ക്കെതിരായ, കരിയറിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന മത്സരത്തില്‍ ഇറങ്ങുന്നതോടെ ആ ദുരാനുഭവങ്ങള്‍ക്ക് ഒരുപരിധി വരെ ആശ്വാസം കാണാനാകും താരം ശ്രമിക്കുക. താരം പോലും സ്വപ്‌നം കാണാത്ത ആ കരിയറിലെ 100ാം ടെസ്റ്റ് മത്സരത്തിനിറങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി.
11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011ലാണ് കോഹ്‌ലി ദീര്‍ഘദൂര ഫോര്‍മാറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടിന്നിങ്‌സുകളില്‍ നിന്നായി 4,15 എന്നിങ്ങനെയായിരുന്നു സമ്പാദ്യം. 22ാം വയസ്സില്‍ ടെസ്റ്റ് അരങ്ങേറുന്ന താരത്തില്‍ നിന്ന് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ അത്രയൊന്നുമായിരുന്നില്ല പ്രതീക്ഷിച്ചത്. ആ സമയത്ത് ഏകദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്ത ഇന്ത്യക്കാരുടെ മനംകവര്‍ന്ന കോഹ്‌ലിക്ക് പിന്നീടും ടെസ്റ്റില്‍ അവസരങ്ങള്‍ തുറന്നുകൊടുത്തു. കൂടുതല്‍ അവസരം ലഭിച്ചപ്പോള്‍ നന്നായി മുതലാക്കാനും ഈ ഡല്‍ഹിക്കാരന്‍ മറന്നില്ല. പിന്നീടങ്ങോട്ട് താരം ടെസ്റ്റില്‍ ആറാടുകയായിരുന്നു. ഇതുവരെ 99 മത്സരങ്ങളില്‍ നിന്നായി അടിച്ചെടുത്തതാവട്ടെ, 50.39 ശരാശരിയില്‍ 7962 റണ്‍സ്. ഇതില്‍ രണ്ട് ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടും. ടെസ്റ്റില്‍ ഇന്ത്യ അഡലെയ്ഡും, ബര്‍മിങ്ഹാമും, ജോഹന്നസ്ബര്‍ഗും കീഴടക്കിയപ്പോഴൊക്കെ വിജയത്തില്‍ കോഹ്‌ലിയുടെ സംഭാവന നിഴലിച്ചിരുന്നു.
100ാം ടെസ്റ്റെന്ന നാഴികക്കല്ല് തിയക്ക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരവും 71ാം ലോക താരവുമാണ് കോഹ്‌ലി. മുന്‍പ് സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, കപില്‍ ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ്, ഇശാന്ത് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ ടെസ്റ്റില്‍ 100 മത്സരം പൂര്‍ത്തിയാക്കിയത്.
കോഹ്‌ലിയുടെ 100ാം മത്സരം പ്രമാണിച്ച് മൊഹാലിയില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്. മുന്‍ ദേശീയ നായകന്റെ നാഴികക്കല്ലിന് സാക്ഷിയാകാനും ഈയൊരു ശുഭമുഹൂര്‍ത്തം ആസ്വദിക്കാനും ആഘോഷിക്കാനും കൂടിയാണിത്. രണ്ടു വര്‍ഷത്തെ സെഞ്ചുറി കാത്തിരിപ്പിന് ടെസ്റ്റിലെ ഈ 'സെഞ്ചൂറിയന്‍' വേദി ഒരു നിമിത്തമാവട്ടെയെന്ന പ്രാര്‍ഥനയിലാണ് ലോകം... അങ്ങനെ സംഭവിക്കട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."