വാക്കേറ്റവും ഭിന്നതയും; ജനതാദള്‍(യു) നേതൃയോഗം അലങ്കോലപ്പെട്ടു
തൊടുപുഴ: ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ പ്രസിഡന്റ് അടക്കമുളള നേതാക്കള്‍ പാര്‍ട്ടി വിട്ട സാഹചര്യത്തിലും കോട്ടം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വിളിച്ചു ചേര്‍ത്ത ജനതാദള്‍(യു) നേതൃയോഗം അലങ്കോലപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ ചാവറ പങ്കെടുത്ത യോഗമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് ഇതിന് ശേഷം പ്രസ് ക്ലബില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം റദ്ദാക്കി.
കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. മോഹനന്‍, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി ബിജു ചേലമല, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അന്ത്രു അടിമാലി, ജെയിസ് പാലപ്പുറം തുടങ്ങിയവര്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതായി പത്രസമ്മേളനം നടത്തി അറിയിച്ചിരുന്നു. 35 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 22 പേരും 3000ത്തോളം പ്രവര്‍ത്തകരും ഒപ്പമുളളതായി അവര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ എ.വി ഖാലിദും കൂട്ടരും ജനതാദള്‍ (എസ്)ലേക്കും മാറിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്നലെ പെന്‍ഷന്‍ ഭവനില്‍ പാര്‍ട്ടി ജില്ലാ നേതൃയോഗം വിളിച്ചു കൂട്ടിയത്. 15ല്‍ താഴെ പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്നറിയുന്നു. യോഗം തുടങ്ങിയപ്പോള്‍ തന്നെ അംഗങ്ങള്‍ ഇരുചേരിയായി തിരിഞ്ഞ് വാക്കേറ്റം തുടങ്ങി.
പാര്‍ട്ടി വിട്ട ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവരാണ് യോഗം സംഘടനാവിരുദ്ധമാണെന്നാരോപിച്ച് ബഹളം വെച്ചത്. ഒടുവില്‍ യോഗം തുടരാനാകാതെ അവസാനിപ്പിക്കുകയായിരുന്നു. 2.30ന് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം രണ്ടു മണിയോടെ പ്രസ് ക്ലബിലെത്തി റദ്ദാക്കുകയും ചെയ്തു.
അതേ സമയം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിന് ശേഷം തുടര്‍നടപടികള്‍ മതി എന്ന് തീരുമാനിച്ച് യോഗം പിരിയുകയായിരുന്നെന്നും പത്രസമ്മേളനം ഇക്കാരണത്താലാണ് റദ്ദാക്കിയതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ചാവറ അറിയിച്ചു.
38 അംഗങ്ങള്‍ നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നെന്ന് മുഖ്യസംഘാടകനായ ജില്ലാ സെക്രട്ടി അനൂപ് ഫ്രാന്‍സീസ് അവകാശപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റുമാരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കാനാണ് പത്രസമ്മേളനം വിളിച്ചത്.
രാവിലെ തൊടുപുഴക്ക് വരും വഴി പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് പരീതുകണ്ണിന് അപകടത്തില്‍ പരിക്കേറ്റു. ഇതു മൂലം പത്രസമ്മേളനം മാറ്റിവെക്കുകയായിരുന്നെന്നും അനൂപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."