മുന്നേറാനാകാതെ റഷ്യൻ സൈനിക വ്യൂഹം
ലണ്ടൻ
കീവ് ലക്ഷ്യമാക്കി വരുന്ന റഷ്യയുടെ വൻ സൈനിക വ്യൂഹത്തിന്റെ യാത്ര തടസപ്പെട്ടതായി ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസി.
ഇപ്പോഴും അവർ കീവിൽ നിന്ന് 30 കി.മീ അകലെയാണ്. അവർക്ക് ഒട്ടും മുന്നേറാനായിട്ടില്ല. ഖാർകീവ്, ചെർനിഹീവ്, മരിയാപോൾ തുടങ്ങിയ പ്രധാന നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും ഉക്രൈന്റെ കൈയിലാണെന്നും ഏജൻസിയെ ഉദ്ധരിച്ച് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
റഷ്യൻ സൈനിക വാഹനങ്ങൾ ഉക്രൈൻ സേനയുടെ പ്രത്യാക്രമണത്തിൽ തകർന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 496 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 1,597 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിന്റെ അനേകം മടങ്ങ് സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
6,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രൈൻ സേന പറഞ്ഞിരുന്നു.
കീവ് നഗരം വളഞ്ഞിട്ട് കീഴടക്കാനുള്ള റഷ്യൻ പദ്ധതി അനന്തമായി നീളുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തിൽ പ്രവേശിക്കാനായിട്ടില്ല. യാത്രയ്ക്കിടെ പലവിധ തടസങ്ങൾ വഴിയിൽ നേരിട്ടതിനാൽ സൈനിക വ്യൂഹം മന്ദഗതിയിലാണ് കീവിലേക്ക് നീങ്ങുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു. 64 കിലോമീറ്റർ നീളമുള്ള സൈനിക വ്യൂഹത്തിന് പല മാർഗതടസങ്ങൾ വഴിയിൽ നേരിടേണ്ടിവരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കരുതാതിരുന്നതാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് സൂചന.
അതിനിടെ കരിങ്കടലിൽ നിന്ന് ഉക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. എന്നാൽ റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചെന്നും റഷ്യൻ വിമാനം വീഴ്ത്തിയെന്നും ഉക്രൈനും അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."