ഇന്ത്യൻ വിദ്യാർഥികളെ ഉക്രൈൻ ബന്ദികളാക്കിയെന്ന റഷ്യയുടെ വാദം തെറ്റെന്ന് കേന്ദ്രം
ന്യൂഡൽഹി
ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥികളെ ഉക്രൈൻ സുരക്ഷാ സേന ബന്ദികളാക്കി മനുഷ്യപരിചയായി ഉപയോഗിക്കുന്നുവെന്ന റഷ്യയുടെ വാദം തള്ളി കേന്ദ്ര സർക്കാർ. ഉക്രൈനിലുള്ള ഇന്ത്യക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും അത്തരത്തിലൊരു സംഭവമില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യക്കാരാരെയും ബന്ദിയാക്കിയതായി വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഖാർകീവ് വിടാൻ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് സൗകര്യം ചെയ്തുകൊടുത്തത് ഉക്രൈൻ അധികൃതരാണ്. ഖാർകീവിലും പരിസരപ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കെത്തിക്കുന്നതിന് പ്രത്യേക തീവണ്ടി ഏർപ്പെടുത്തണമെന്ന് ഉക്രൈൻ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു.
ഉക്രൈനിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യക്കാരെ ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിരവധി പേർ ഉക്രൈനിൽ നിന്ന് തിരിച്ചെത്തി.
ഉക്രൈൻ അധികൃതരുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. റഷ്യ, റൊമേനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ, മാൽഡോവ എന്നീ രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഈ രാജ്യങ്ങൾ നമ്മുടെ വിദ്യാർഥികളെ സ്വീകരിക്കുകയും ഇന്ത്യയിലേക്ക് വിമാനം കയറുംവരെയുള്ള സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
അക്കാര്യത്തിൽ അവരോട് നന്ദിയുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. നിരവധി ഇന്ത്യൻ വിദ്യാർഥികളെ ഉക്രൈൻ ഖാർകീവിൽ ബന്ദിയാക്കി വച്ചെന്ന് ബുധനാഴ്ചയാണ് റഷ്യ ആരോപിച്ചത്. ഇന്ത്യൻ വിദ്യാർഥികളെ യുദ്ധഭൂമിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ നിർദേശം നൽകിയതായും റഷ്യ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."