ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് എ.ജി ഇടപെടണമെന്ന് സുപ്രിംകോടതി; യുദ്ധം നിർത്താൻ തങ്ങൾക്ക് ഉത്തരവിടാനാവില്ലെന്നും കോടതി
ന്യൂഡൽഹി
ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഇടപെടണമെന്ന് സുപ്രിംകോടതി.
യുദ്ധം നിർത്തണമെന്ന് നിർദേശം നൽകാൻ തങ്ങൾക്കാവില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സംബന്ധിച്ച് അഭിഭാഷകൻ എ.എം ധർ കോടതി മുമ്പാകെ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. ആയിരങ്ങളാണ് അതിർത്തിരാജ്യങ്ങളിലുള്ളതെന്നും ചിലരെല്ലാം ഇതിനകം തിരിച്ചെത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉക്രൈന്റെ അതിർത്തിയിൽ കടുത്ത തണുപ്പിലാണ് ഇന്ത്യക്കാരായ വിദ്യാർഥികൾ കഴിയുന്നതെന്നും അവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പലരും കഴിഞ്ഞ ആറു ദിവസമായി കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് അറ്റോർണി ജനറലിന്റെ സഹായം തേടാമെന്ന് കോടതി അറിയിച്ചത്.
അതിർത്തിയിൽ ആരും കാത്തിരിക്കുന്നില്ലെന്നും എല്ലാവരും ഉക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് കടന്നെന്നും അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ അങ്ങനെയല്ലെന്നായിരുന്നു എ.എം ധറിന്റെ മറുപടി. ഇപ്പോഴും വിദ്യാർഥികൾ കാത്തിരിക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
ഹരജിയുടെ പകർപ്പ് അറ്റോർണി ജനറലിന് നൽകാൻ നിർദേശിച്ച കോടതി ഇടപെടാനും അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."