വളർത്തുമൃഗങ്ങളെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ; സൈറയുമായി ആര്യ ഇന്ന് നാട്ടിലെത്തും, സ്വന്തം ചെലവിൽ
ന്യൂഡൽഹി
ഉക്രൈനിൽ നിന്ന് വളർത്തുനായ സൈറയുമായി ഡൽഹിയിലെത്തിയ ഇടുക്കി ദേവികുളം സ്വദേശി ആര്യ ഇന്ന് നാട്ടിലേക്ക് മടങ്ങും.
സർക്കാർ ഏർപ്പെടുത്തിയ എയർ ഏഷ്യ വിമാനത്തിൽ നായയുമായി പോകാൻ കഴിയാത്തതിനാൽ നാളെ എയർ ഇന്ത്യ വിമാനത്തിൽ സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് ആര്യ നായയുമായി നാട്ടിലേക്ക് പോകുന്നത്. വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്ക്കു പോകണമെന്നാണ് കേരളാഹൗസ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് 6.30നുള്ള എയർ ഏഷ്യ വിമാനത്തിലാണ് ആര്യക്ക് സർക്കാർ ടിക്കറ്റ് നൽകിയിരുന്നത്. എന്നാൽ, എയർ ഏഷ്യയുടെ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളേയും കൊണ്ട് പോകാനാകില്ലെന്ന് എയർ ഏഷ്യ അധികൃതർ നിലപാടെടുക്കുകയായിരുന്നു. വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് വിമാനങ്ങളിൽ പ്രത്യേകം സജ്ജീകരണങ്ങൾ ആവശ്യമാണ്. ഇത് കേരളത്തിലേക്ക് ചാർട്ട് ചെയ്ത വിമാനങ്ങളിൽ ലഭ്യമല്ലെന്നാണ് എയർ ഏഷ്യ വ്യക്തമാക്കിയത്. ഇതോടെ യാത്ര മുടങ്ങി. വിഷയത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ ഇടപെട്ടിരുന്നു.
എയർ ഇന്ത്യയടക്കം ചില വിമാനങ്ങളിൽ ഇതിനുള്ള സംവിധാനങ്ങളുണ്ട്. അതിനാൽ ഇന്ന് രാവിലെയുള്ള എയർ ഇന്ത്യ വിമാനത്തിലായിരിക്കും ആര്യയും സൈറയും കൊച്ചിയിലേക്ക് പറക്കുക.
ദീർഘയാത്രയെ തുടർന്ന് നായ്ക്കുട്ടി വളരെ ക്ഷീണിതയാണ്. അതിനാൽ എത്രയും വേഗം നാട്ടിലെത്തിച്ച് ആശുപത്രിയിൽ കാണിക്കാനുള്ള ശ്രമത്തിലാണ് ആര്യ. അഞ്ചുമാസം പ്രായമുള്ള സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായയാണ് ആര്യയുടേത്. നായയുമായി യുദ്ധഭൂമിയിലൂടെ കിലോമീറ്ററുകൾ നടന്നാണ് ആര്യ ഉക്രൈൻ അതിർത്തി കടന്നത്. ഇന്നലെ പുലർച്ചെയാണ് ബുക്കാറസ്റ്റിൽനിന്ന് ആര്യയും വളർത്തുനായ സൈറയും ഡൽഹിയിലെത്തിയത്. ലോക്കിയെന്ന പൂച്ചയുമായെത്തിയ അഞ്ജുവെന്ന വിദ്യാർഥിക്കും എയർ ഏഷ്യ വിമാനത്തിൽ പോകാനായില്ല. അതിനാൽ ഇന്നലെ വൈകിട്ട് എയർ ഇന്ത്യ വിമാനത്തിൽ അഞ്ജു തിരുവനന്തപുരത്തേക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."