മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
എറണാകുളം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പാലക്കാട് സ്വദേശി ദിനേശ് മേനോനാണ് ഹരജി നല്‍കിയത്. വര്‍ഷം 80 കോടിയിലധികം രൂപ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുവെന്നും ഇത് അധിക ബാധ്യത വരുത്തുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് കുടുംബ പെന്‍ഷനടക്കം നല്‍കുന്നത് ഭരണഘടനാവിരുദ്ധമെന്നും ഹരജിയില്‍ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കേയാണ് ഹരജി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടെന്ന നിലപാട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ കേഡര്‍മാരെ വളര്‍ത്താനുള്ള സംവിധാനമല്ല പെന്‍ഷന്‍ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്സണല്‍ സ്റ്റാഫിലെത്തുന്നവര്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഖജനാവില്‍ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിര്‍ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."