ഇന്ധന വില നൂറുകടന്നതിന്റെ വിജയാഹ്ലമാണോ ബി.ജെ.പി യാത്ര?: രൂക്ഷ വിമര്‍ശനവുമായി അങ്കമാലി അതിരൂപത
കൊച്ചി: ഇന്ധന-പാചകവാതക വിലയില്‍ ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം'. ഇന്ധനവില നൂറുകടക്കുന്നതിന്റെ വിജയാഹ്‌ളാദമാണോ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന ചോദ്യം തികച്ചും രാഷ്ട്രീയമാണെന്നാണ് കെ. സുരേന്ദ്രന്റെ 'വിജയയാത്ര'യെ വിമര്‍ശിച്ച് 'സത്യദീപ'ത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്. പാചകവാതക വില മൂന്നുമാസത്തിനിടയില്‍ 225 രൂപയാണ് കൂട്ടിയത്. റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ശുപാര്‍ശ കേരളത്തിന് തിരിച്ചടിയാകുന്നത് മറ്റൊരു 'വിജയഗാഥ'യാണെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.
നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതും കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതും എന്തുകൊണ്ടാണെന്ന് സീറോ മലബാര്‍ സഭ ചോദിക്കുന്നു. സമുദായ നേതാക്കളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളില്‍ മത്സരബുദ്ധിയോടെയാണ് എല്ലാ കക്ഷികളും പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയതയുടെ വിലാസം പരസ്പരം ചാര്‍ത്തി നല്‍കാന്‍ മുന്നണികള്‍ മത്സരിക്കുകയാണെന്നും വിമര്‍ശനമുണ്ട്.
തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയമായി സമീപിക്കുന്നതായിരുന്നു അടുത്തകാലം വരെയും പ്രബുദ്ധ കേരളത്തിന്റെ പ്രചാരണശൈലി. എന്നാല്‍, വിജയ സാധ്യതയെന്നാല്‍ സാമുദായിക പിന്തുണയുടെ പിന്‍ബലമെന്ന പുതിയ രാഷ്ട്രീയം ബഹുസ്വരതയുടെ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നതാണ് വസ്തുതയെങ്കിലും അതിനപ്പുറത്തേക്കിറങ്ങാന്‍ വിപ്ലവ പാര്‍ട്ടികള്‍ പോലും തയാറല്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."