മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു: ഫ്രീഡം ഹൗസ്, സ്വതന്ത്രരാജ്യമെന്നിടത്തു നിന്ന് ഭാഗികസ്വതന്ത്ര രാജ്യമായി മാറി
വാഷിങ്ടണ്‍: സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്ന് ഇന്ത്യ ഭാഗികസ്വതന്ത്ര രാജ്യമായി മാറിയതായി യു.എസ് ആസ്ഥാനമായ ജനാധിപത്യ ഗവേഷണ സ്ഥാപനമായ ഫ്രീഡം ഹൗസ്. മുന്‍ യു.എസ് പ്രഥമ വനിത എലീനര്‍ റൂസ്‌വെല്‍റ്റ് സ്ഥാപിച്ച സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും പങ്കുവച്ചു.
2014ല്‍ ബി.ജെ.പി അധികാരത്തിലേറിയതോടെ രാജ്യത്തു മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍, മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തല്‍, ജുഡീഷ്യറിയുടെ ഇടപെടല്‍ എന്നിവ വര്‍ധിച്ചുവരുന്നത് ഫ്രീഡം ഹൗസ് ചൂണ്ടിക്കാട്ടി.
ജനാധിപത്യം നടപ്പാക്കുന്നതില്‍ മുന്നിലെന്ന് നടിക്കുന്നുണ്ടെങ്കിലും ചൈന പോലുള്ള ഏകാധിപത്യ രാജ്യങ്ങളുടെ സ്വാധീനത്തിലകപ്പെട്ട് മോദിയും പാര്‍ട്ടിയും ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്- സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.
എല്ലാവര്‍ക്കും തുല്യ അവകാശങ്ങളെന്ന അടിസ്ഥാന മൂല്യങ്ങള്‍ അടിയറവച്ച് ഹിന്ദുത്വ ദേശീയവാദികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് ലോകത്തെ പ്രമുഖ ജനാധിപത്യ രാജ്യമെന്ന പദവി മോദിക്കു കീഴില്‍ ഇന്ത്യ നഷ്ടപ്പെടുത്തുകയാണ്.
ഭരണകക്ഷിയായ ഹിന്ദുത്വ ദേശീയവാദി സംഘടന കൊവിഡ് വ്യാപനത്തിന് ഉത്തരവാദികളെന്നാരോപിച്ച് മുസ്‌ലിംകളെ ബലിയാടാക്കുകയാണ്. അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫ്രീഡം ഹൗസ് റാങ്കിങ്ങില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം 100ല്‍ 71 മാര്‍ക്കുണ്ടായിരുന്ന ഇന്ത്യക്ക് ഇപ്പോഴുള്ളത് 67 മാര്‍ക്കാണ്.
ഫ്രീഡം ഹൗസ് കണക്കു പ്രകാരം ലോകജനസംഖ്യയില്‍ 20 ശതമാനം മാത്രമാണ് ഇന്ന് സ്വതന്ത്ര രാജ്യങ്ങളില്‍ കഴിയുന്നത്.
1995നു ശേഷം ഇത് ഇത്രയും കുറയുന്നത് ആദ്യമായാണ്. അതേസമയം അമേരിക്ക ഇപ്പോഴും പൂര്‍ണ സ്വതന്ത്ര രാജ്യമായി തുടരുന്നതായും സംഘടന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."