സഊദി ചരിത്രം മാറ്റി മറിച്ച പെട്രോൾ ഖനനത്തിന് 83 വർഷം, ചരിത്രം അറിയാം
റിയാദ്: പെട്രോ ഡോളറിൽ സഊദി മുഖം മാറിയ ചരിത്രത്തിന് 83 വർഷം. സഊദി സാമ്പത്തിക മേഖലയുടെ നട്ടെല്ലായ എണ്ണ ഖനനം 1938 മാർച്ച് 4 നായിരുന്നു നടന്നത്. അമേരിക്കയുടെ സഹായത്തോടെ അഞ്ച് വർഷത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കും എണ്ണ പുറത്തെടുക്കാനുമുള്ള ശ്രമങ്ങൾക്കും ശേഷം ദമാം ബിഅർ 7 ലായിരുന്നു ആദ്യമായി എണ്ണ ഖനനം. ഒന്നര കിലോമീറ്റർ താഴ്ചയിൽ പ്രതിദിനം 1585 ബാരൽ എന്ന തോതിൽ അന്ന് എണ്ണ പുറത്തെടുത്തിരുന്നു. 1935 ൽ ദ്ഹ്‌റാനിൽ എണ്ണ കുഴിച്ചെടുക്കാനുള്ള പരീക്ഷണ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും 1938 മാർച്ച് 4നായിരുന്നു ലക്ഷ്യം കണ്ടത്.
സഊദി ഖനന ചരിത്രം
അറേബ്യൻ സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയാണ് എണ്ണ ഖനനം നടത്തിയിരുന്നത്. 1923 ലാണ് അന്നത്തെ സഊദ് ഭരണാധികാരി കിംഗ് അബ്ദുൽ അസീസ് അൽ സഊദ് കിഴക്കൻ സഊദിയിൽ ഖനനം നടത്താൻ തീരുമാനമെടുത്തത്. തുടർന്ന് നിരവധി അമേരിക്കൻ ജിയോളജിക്കൽ സംഘത്തിന് എണ്ണ പര്യവേഷണം നടത്താൻ അനുമതി നൽകുകയും ചെയ്‌തു. ഏറെ കാലത്തെ ഗവേഷണങ്ങൾക്ക് ശേഷം 1935 ൽ ദഹ്‌റാനിൽ ആദ്യ എണ്ണക്കിണർ കുഴിച്ചു. പക്ഷെ, നിരാശയായിരുന്നു ഫലം. എന്നാൽ എണ്ണക്കിണർ കുഴിക്കുന്നത് തുടരാൻ തന്നെയായിരുന്നു തീരുമാനം.
ഏഴു മാസങ്ങൾക്ക് ശേഷം എണ്ണക്കിണൽ ഒന്നിൽ നിന്ന് ശക്തമായ ഗ്യാസ് ബഹിർഗമനം ഉണ്ടായതോടെ ഖനന ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇതോടൊപ്പം കുറഞ്ഞ തോതിൽ ക്രൂഡും ഉണ്ടായിരുന്നു. ഖനന ഉപകരണങ്ങളെ ബാധിച്ചതോടെ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കമ്പനി നിര്ബന്ധിതരാകുകയും ഖനന പ്രവർത്തനങ്ങൾ നിർത്തി വെച്ച് കിണർ സിമന്റ് ഉപയോഗിച്ച് അടക്കുകയും ചെയ്‌തു.
എണ്ണക്കിണർ 7
നിരവധി എണ്ണക്കിണർ പ്രവർത്തനങ്ങൾക്ക് ശേഷം 1936 ൽ ദമാം എണ്ണക്കിണർ 7 ഖനനം ആരംഭിച്ചു. പത്ത് മാസങ്ങൾക്ക് ശേഷം 1937 ൽ ക്രൂഡ് ഓയിലിന്റെ അംശം ഇവർക്ക് അനുഭവപെട്ടു. ചെളിയോടൊപ്പം ഏകദേശം 5.7 ലിറ്റർ ക്രൂഡിന്റെ അംശമാണ് ആദ്യമായി തിരിച്ചറിഞ്ഞത്. കൂട്ടത്തിൽ ഗ്യാസിന്റെ അംശവും ഉണ്ടായിരുന്നു. തുടർന്ന് 1938 മാർച്ച് നാല് വരെ ഖനന പ്രവർത്തികൾ തുടർന്നു. 1585 ബാരലായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതിദിന ഉത്പാദനം. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇത് 3690 ബാരലായും ആറാം ദിവസം ഇത് 3810 ബാരലായും ഉയർന്നു.
ആദ്യ ക്രൂഡ് ഓയിൽ കപ്പൽ
ആദ്യ എണ്ണ കണ്ടെത്തിയതിന് ശേഷം വാണിജ്യത്തിനുള്ള അളവിലേക്ക് എത്തിയതോടെ ഇത് കയറ്റുമതി ചെയ്യാനുള്ള തീരുമാനവുമായി. തുടർന്ന് 1938 ൽ ഭരണാധികാരി കിംഗ് അബ്ദുൽ അസീസ് രാജാവ് കിഴക്കൻ സഊദിയിൽ സന്ദർശനം നടത്തി. സഊദി ചരിത്രം തന്നെ മാറ്റിയ സംഭവം കാണുന്നതിന് വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു രാജാവിന്റെ സന്ദർശനം. ദഹ്‌റാനിൽ ഏകദേശം രണ്ടായിരം ആളുകളോടൊപ്പമായിരുന്നു സന്ദർശനം. ഇതേ സമയത്ത് തന്നെ എണ്ണപ്പാടത്ത് നിന്ന് എണ്ണകയറ്റുമതിക്കായി റാസ്‌തന്നൂറയിലേക്ക് എണ്ണപൈപ്പ് ലൈൻ പണിയും ആരംഭിച്ചിരുന്നു, 69 കിലോമീറ്ററായിരുന്നു ഇതിന്റെദൂരം. 1939 ൽ "സോകൾ ഡിജെ സ്‌കോഫീൽഡ്" എന്ന കപ്പലിൽ ആദ്യ എണ്ണ കയറ്റുമതിയും ചെയ്‌തു. രാജാവ് തന്നെയാണ് ഇത് ഉദ്ഘാടനം ചെയ്‌തത്. കപ്പലിലേക്ക് നീട്ടിയ എണ്ണപൈപ്പ് ലൈനിന്റെ വാൽവ് തുറന്നായിരുന്നു ഉദ്ഘാടനം.
സഊദി അരാംകോ
എണ്ണഖനനത്തിനായി രൂപീകരിച്ച അറേബ്യൻ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി, 1934 ൽ അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി എന്നാക്കി പുനർനാമകരണം ചെയ്‌തു. ഇതാണ് പിന്നീസ് സഊദി അരാംകോ കമ്പനിയായി പരിണമിച്ചത്. ഇന്ന് ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് സഊദി അരാംകോ.
എണ്ണപൈപ്പ് ലൈൻ
1950 ൽ ലോകത്തെ ഏറ്റവും നീളമുള്ള എണ്ണപൈപ്പ് ലൈൻ സഊദിയിൽ ഉദ്ഘാടനം ചെയ്‌തു. 1212 കിലോമീറ്റർ ദൂരമായിരുന്നു നീളം. സഊദിയുടെ എണ്ണപ്പാടങ്ങളുടെ പറുദീസയായ കിഴക്കൻ സഊദിയിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് എത്തുന്ന പൈപ്പ് ലൈൻ പദ്ധതിയാണിത്. യൂറോപ്പിലേക്ക് എണ്ണ കയറ്റുമതി ഏറ്റവും ചുരുങ്ങിയ ചിലവിൽ സാധിപ്പിക്കുന്നതിന് ഏറെ സഹായകരമാകുന്നതായിരുന്നു ഈ പദ്ധതി. ഇത് തുറൈഫ്, അറാർ, റഫ്ഹ എന്നീ മൂന്ന് നാഗരികളുടെ വികസനത്തിനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."