മന്ത്രിയുടെ അന്വേഷണ ഉത്തരവിരിക്കെ മീനച്ചിലാറിന്റെ തീരത്ത് കൈയേറ്റം
ഏറ്റുമാനൂര്‍: റവന്യു മന്ത്രിയുടെയും ലാന്‍ഡ് റവന്യു കമ്മിഷണറുടെയും അന്വേഷണ ഉത്തരവുകള്‍ നിലനില്‍ക്കെ മീനച്ചിലാറിന്റെ തീരത്ത് കൃഷിയിറക്കാന്‍ നിലമൊരുക്കി കൈയേറ്റക്കാര്‍ വീണ്ടും രംഗത്ത്. ഏറ്റുമാനൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലാണ് അധികൃതരുടെ ഒത്താശയോടെയുള്ള ഭൂമി കൈയേറ്റം.
പേരൂര്‍ പൂവത്തുംമൂട് കടവ് മുതല്‍ കിണറ്റുംമൂട് തൂക്കുപാലം വരെയുള്ള ഭാഗത്തെ ആറ്റുപുറംപോക്ക് പതിനഞ്ചോളം വരുന്ന സമീപവാസികള്‍ കൈയേറിയതിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരുന്നു. വളരെ നാളത്തെ ശ്രമഫലമായി അന്വേഷണത്തിനു ഉത്തരവായെങ്കിലും റവന്യു അധികൃതരുടെ അന്വേഷണം പ്രഹസനമായി മാറുകയായിരുന്നു.
നഗരസഭ അധികൃരാകട്ടെ കൈയ്യേറ്റത്തിനു നേരെ മുഖം തിരിച്ചു നിന്നു. 1.4 കിലോമീറ്റര്‍ ദൂരത്തില്‍ 35 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയാണ് ആറ്റുവഞ്ചിയും ഇല്ലിക്കാടുകളും മറ്റു വൃക്ഷങ്ങളും നശിപ്പിച്ച് സ്വകാര്യവ്യക്തികള്‍ കയ്യടക്കിയത്.
വര്‍ഷകാലത്ത് എക്കല്‍മണ്ണ് അടിഞ്ഞ് പുറമ്പോക്ക് ഭൂമിയുടെ വിസ്തൃതി കൂട്ടാനുള്ള നടപടികളിലൂടെ നദിയുടെ വീതിയും കുറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് കൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്നതിന് അഡീഷണല്‍ തഹസില്‍ദാര്‍ നഗരസഭയ്ക്കുംകൈയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൈയേറ്റക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ അളവ് മാറ്റിവച്ചു.
ജൂണ്‍ അവസാനം വീണ്ടും അളക്കുന്നതിനായി റവന്യൂ അധികൃതരുടെ സംഘം എത്തിയെങ്കിലും നഗരസഭ സഹകരിച്ചില്ല എന്ന് പറഞ്ഞ് മടങ്ങി. ഒരു കൗണ്‍സിലറുടെ ബന്ധു കൈയേറ്റക്കാരില്‍ ഒരാള്‍ ആയതിനാല്‍ നഗരസഭയും റവന്യു അധികൃതരും ഒത്തു കളിക്കുകയായിരുന്നു എന്ന പരാതിയും ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പി.തോമസ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ ആദ്യം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിനു ഉത്തരവിട്ടു. കൈയ്യേറ്റം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വിഭാഗം അഡീഷണല്‍ചീഫ് സെക്രട്ടറിക്കും കലക്ടര്‍ക്കും ഉത്തരവുകരള്‍ കൈമാറി. ആറ്റുപുറമ്പോക്ക് കൈയേറ്റം തിട്ടപ്പെടുത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയായി കലക്ടര്‍ ജൂലൈ അഞ്ചിനു ലാന്റ് റവന്യു കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ ഹരജിയും കലക്ടറുടെ കത്തും പരിഗണിച്ച് ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജൂലൈ 29ന് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്.
ഇതിനിടയിലാണ് പുറമ്പോക്ക് കൈയേറ്റം വീണ്ടും സജീവമായത്. ആറ്റുതീരത്ത് നിലമൊരുക്കി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണു കൈയ്യേറ്റക്കാര്‍. ഇതിനിടെ ചില രാഷ്ട്രീയകക്ഷികള്‍ കൈയേറ്റത്തിനെതിരെ സമരവുമായി രംഗത്ത് വന്നെങ്കിലും ഇപ്പോള്‍ അവരും നിശബ്ദരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."