വ്യാജ ത്വരീഖത്തുകളിൽ നിന്ന് വിട്ടുനിൽക്കുക: സമസ്ത
കോഴിക്കോട്
വ്യാജ ത്വരീഖത്തുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം അഭ്യർഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേരത്തെ തള്ളിപറഞ്ഞ നൂരിഷ, ആലുവ തുടങ്ങിയ പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ ത്വരീഖത്തുകളെ വെള്ള പൂശിയും മഹാന്മാരിലേക്ക് ചേർക്കപ്പെടുന്ന ത്വരീഖത്തുകളുടെ പേരിൽ ഇപ്പോൾ രംഗത്ത് വന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ചില വ്യക്തികളുടെ പ്രവർത്തനങ്ങളിൽ നിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും യോഗം അഭ്യർഥിച്ചു. ശരീഅത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന ചിലരും ത്വരീഖത്തിന്റെ വക്താക്കളായി വിശ്വാസി സമൂഹത്തെ കബളിപ്പിക്കുന്നുണ്ട്. അത്തരക്കാരുമായി സഹകരിക്കുന്നതും അവരുടെ പരിപാടിയിൽ പങ്കെടുക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും യോഗം അഭ്യർഥിച്ചു.
ത്വരീഖത്തിന്റെ മാർഗത്തിൽ ഏതെല്ലാം ആരെയെല്ലാം പിന്തുടരാമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പണ്ഡിതന്മാരെ സമീപിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും യോഗം അഭ്യർഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിൽ നടത്തപ്പെടുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പ്രത്യേകം മാർഗദർശനവും പെരുമാറ്റച്ചട്ടവും നൽകാൻ തീരുമാനിച്ചു. 'വഹാബിസം, ലിബറലിസം, മതനിരാസം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കാംപയിൻ വിജയിപ്പിക്കാനും യോഗം അഭ്യർഥിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി.
ജന.സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്‌ലിയാർ, എം.കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ, കെ.പി.സി തങ്ങൾ വല്ലപ്പുഴ, എം.പി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, ടി.എൻ ഇബ്രാഹീംകുട്ടി മുസ്‌ലിയാർ, കെ. ഹൈദർ ഫൈസി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, എം. മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, പി.കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽഖാദിർ ഫൈസി ബംബ്രാണ, എം.വി ഇസ്മാഈൽ മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."