സുവേന്ദു അധികാരി നന്ദിഗ്രാമിലേക്ക് വെല്ലുവിളിച്ചു; തയ്യാറെന്ന് മമത പ്രഖ്യാപിച്ചതോടെ സുവേന്ദു പിന്മാറാനുള്ള നീക്കത്തില്‍
കൊല്‍ക്കത്ത: സ്വന്തം മണ്ഡലമായ ഭോവനിപുര് വിട്ട് നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
'ഞാന്‍ നന്ദിഗ്രാമില്‍ മത്സരിച്ചുകൊണ്ട് വാക്ക് പാലിക്കുകയാണ്. ഭോവനിപുര് മണ്ഡലത്തില്‍ നിന്ന് സോഭാന്ദെബ് ഛാട്ടോബാധ്യായ് മത്സരിക്കും'- മാര്‍ച്ച് 27ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.
ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം. ഡിസംബര്‍ വരെ കൂടെയുണ്ടായിരുന്ന തൃണമൂലിലെ അതികായന് പാര്‍ട്ടിവിട്ട് ബി.ജെ.പിക്കൊപ്പം പോവുകയും മമതയെ വെല്ലുവിളിക്കുകയായുമായിരുന്നു. എന്നാല്‍ വെല്ലുവിളി മമത ഏറ്റെടുത്തതോടെ പിന്‍വലിയാനുള്ള നീക്കത്തിലാണ് സുവേന്ദു അധികാരി.
സുവേന്ദു എവിടെ മത്സരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുമെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നിലപാട്. സുവേന്ദുവിനെ മമതയ്ക്കെതിരെ മത്സരിപ്പിച്ചാല്‍ തോല്‍ക്കുമെന്ന പ്രതീതിയുണ്ടാവുമെന്നും അത് സംസ്ഥാനത്ത് മൊത്തം തിരിച്ചടിയാവുമെന്നുമാണ് ബി.ജെ.പി പേടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."