തദ്ദേശ വാർഡ് പുനർനിർണയം നടത്താതെ ഡീ ലിമിറ്റേഷൻ കമ്മിറ്റി പരിച്ചുവിട്ടു
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് -അതിർത്തി പുനർനിർണയത്തിന് രൂപീകരിച്ച ഡീ ലിമിറ്റേഷൻ കമ്മിറ്റി പദ്ധതി നടപ്പിലാക്കാതെ സർക്കാർ പിരിച്ചുവിട്ടു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെയും ഡിവിഷനുകളുടെയും വിഭജനവും അതിർത്തി നിർണയവും നടത്തുന്നതിനായി 2019ൽ രൂപീകരിച്ച ഡീ ലിമിറ്റേഷൻ കമ്മിറ്റിയുടെ കാലാവധിയാണ് സർക്കാർ അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി നിർണയം,വിഭജനം എന്നിവ കമ്മിറ്റിക്ക് പൂർത്തീകരിക്കാനായിരുന്നില്ല. ജനാസാന്ദ്രത കൂടിയ ഗ്രാമപഞ്ചായത്തുകളുടെ വിഭജനവും അതിർത്തി പുനർ നിർണയവുമാണ് ഡീ ലിമിറ്റേഷൻ കമ്മിറ്റി ലക്ഷ്യം വച്ചിരുന്നത്. സംസ്ഥാനത്ത് 2010ന് ശേഷം ഇതുവരെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനം നടന്നിരുന്നില്ല. 2015ൽ യു.ഡി.എഫ് സർക്കാർ ചില ഗ്രാമപഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് 28 നഗരസഭകൾ രൂപീകരിച്ചിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി നിർണയം,വിഭജനം എന്നിവ പൂർത്തിയാക്കാനായിരുന്നില്ല. തുടർന്നാണ് എൽ.ഡി.എഫ് സർക്കാർ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഡീ ലിമിറ്റേഷൻ കമ്മറ്റി രൂപീകരിച്ച് വിഭജനത്തിന് പദ്ധതി തയാറാക്കിയത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ പുനർ നിർണയം നടത്താതെയാണ് 2020 ൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതോടെയാണ് ഇതിനായി രൂപീകരിച്ച ഡീ ലിമിറ്റേഷൻ കമ്മിറ്റിയുടെ കാലാവധി അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഈയിടെയാണ് പുറത്തിറക്കിയത്.
2001 ലെ സെൻസസ് പ്രകാരമാണ് നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം. ഇത് 2011 ലെ സെൻസസ് പ്രകാരം നടത്താനായിരുന്നു തീരുമാനം. സംസ്ഥാനത്ത് 50,000 മുകളിൽ ജനസംഖ്യയുള്ള 20 ലേറെ ഗ്രാമപഞ്ചായത്തുകളുണ്ട്. നൂറോളം ഗ്രാമപഞ്ചായത്തുകൾ വിഭജനം കാത്ത് കിടപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."