തച്ചങ്കരി തെറിച്ചു: എഡിജിപി എസ് ആനന്ദകൃഷ്ണന് പുതിയ ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന് ജെ തച്ചങ്കരിയെ മാറ്റി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഡിജിപി എസ് ആനന്ദകൃഷ്ണനാണ് പുതിയ ഗതാഗത കമ്മീഷണര്‍. തച്ചങ്കരിക്ക് മറ്റു ചുമതലകള്‍ നല്‍കിയിട്ടില്ല. കെബിപിഎസ് എംഡിയായി തുടരും.
മന്ത്രി എ.കെ ശശീന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ പാര്‍ട്ടിയും തച്ചങ്കരിയെ മാറ്റിയേപറ്റു എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
തച്ചങ്കരി എടുത്ത പല തീരുമാനങ്ങളും സര്‍ക്കാറിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ജന്മദിനത്തിന് ലഡു വിതരണം ചെയ്തതും വിവാദമായിരുന്നു.
മന്ത്രിയും കമ്മീഷണറും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. തന്നോട് ആലോചിക്കാതെയാണ കമ്മീഷണര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാതി.
ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം തച്ചങ്കരി സ്വന്തം നിലയ്ക്ക് എടുത്തതാണെന്ന നിലപാടായിരുന്നു മന്ത്രിക്ക്. ഈ നിലപാടാകട്ടെ വലിയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഇത് സര്‍ക്കാറിനെ പ്രതിരോധത്തില്‍ ആക്കിയെന്ന് മന്ത്രി എല്‍ഡിഎഫില്‍ പരാതിപ്പെട്ടിരുന്നു.
തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പട്ടിരുന്നു. അടുത്തിടെ ജന്മദിനാഘോഷം എല്ലാ ആര്.ഡി ഓഫിസുകളിലും നടത്തിയതിനും മന്ത്രി എതിരായിരുന്നു. ഇത് തെറ്റാണെന്ന് പറഞ്ഞതിനെതുടര്‍ന്ന് മന്ത്രി പങ്കെടുത്ത പരിപാടിയില്‍ തച്ചങ്കരി പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു.
ഇത്രയും നടന്ന സാഹചര്യത്തില്‍ തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയുമായി ഇനി മുന്നോട്ടു പോകാനാവില്ലെന്നും അത് വകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."