കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 2,279 ജീവന്‍
തിരുവനന്തപുരം: നിരത്തുകള്‍ കുരുതിക്കളമായപ്പോള്‍ കഴിഞ്ഞ വര്‍ഷം 2,279 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി. ആകെ 27,877 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 22,224 പേര്‍ക്ക് ഗുരുതര പരുക്കുപറ്റിയപ്പോള്‍ 842 പേര്‍ മാത്രമാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. എറണാകുളത്താണ് ഏറ്റവുമധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്-3,967. ഇതില്‍ 328 പേര്‍ മരണപ്പെട്ടു.
അപകടനിരക്കില്‍ രണ്ടാം സ്ഥാനവും മരണ നിരക്കില്‍ ഒന്നാം സ്ഥാനവും തിരുവനന്തപുരത്തിനാണ്. 3,557 അപകടങ്ങളിലായി 367 പേരാണ് തലസ്ഥാനത്ത് മരണപ്പെട്ടത്. വയനാട്ടിലാണ് ഏറ്റവും കുറവ് അപകടങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 462 അപകടങ്ങളിലായി 42 പേരാണ് വയനാട്ടില്‍ മരിച്ചത്.
11,831 അപകടങ്ങളും ഉണ്ടാക്കിയത് ഇരുചക്ര വാഹനങ്ങളാണെന്ന് പൊലിസ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 1,239 പേരാണ് ഇരുചക്ര വാഹാനാപകടങ്ങളില്‍ മരിച്ചത്. 103 അജ്ഞാത വാഹനാപകടങ്ങളില്‍ 24 പേര്‍ക്കും സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജീവന്‍ നഷ്ടമായി.
അപകടത്തിന് ഇരയായതില്‍ ഭൂരിഭാഗവും കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ്. വൈകിട്ട് ആറിനും രാത്രി ഒന്‍പതിനും ഇടയിലാണ് ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടന്നത്. ഈ സമയത്ത് നടന്ന 6,028 അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 645 പേര്‍ മരിച്ചു. 4,790 പേര്‍ക്ക് ഗുരുതര പരുക്കും 1,668 പേര്‍ക്ക് നിസാര പരുക്കുമേറ്റു.
കഴിഞ്ഞ ജനുവരിയില്‍ മാത്രം 3,627 വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 395 പേര്‍ മരിക്കുകയും 4,062 പേര്‍ക്കു പരുക്കു പറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."