നീളുംതോറും കരുത്തേറി കര്‍ഷകപ്രക്ഷോഭം; പോരാട്ടച്ചൂടില്‍ തിളച്ച നൂറുനാള്‍
ഗാസിപൂര്‍: കേന്ദ്രത്തിന്റെ കരിനിയമങ്ങള്‍ക്കെതിരേ രാജ്യത്തെ അന്നദാതാക്കള്‍ പോരാട്ടവീഥിയിലേക്കിറങ്ങിയിട്ട് നൂറുനാള്‍. കരുത്തൊട്ടും ചോരാതെ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് നൂറുനാളുകളായി രാജ്യത്തെ കര്‍ഷക പോരാളികള്‍. എന്തു സംഭവിച്ചാലും നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നിങ്ങള്‍ക്കില്ലെന്നൊരു ഭരണകൂടത്തിനുള്ള ഉറച്ച താക്കീതില്‍ തന്നെയാണവര്‍.
വരും ദിവസങ്ങളില്‍ കൂടുതല്‍ സമരപരിപാടികളും ആസൂതണംചെയ്തിട്ടുണ്ട് സമരക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയെ ലക്ഷ്യംവച്ച് മഹാപദയാത്ര സംഘടിപ്പിക്കും. ഭഗത് സിങ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ ദിവസമായ മാര്‍ച്ച് 23ന് ഡല്‍ഹിയില്‍ എത്തിച്ചേരുന്ന വിധത്തിലാവും കാല്‍നടയാത്ര.സമീപ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഡല്‍ഹിയെ ലക്ഷ്യംവച്ച് നടക്കുമെന്ന് സംഘാടകര്‍ സുപ്രഭാതത്തോടു പറഞ്ഞു. ഓരോ പോയിന്റുകളില്‍നിന്ന് കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിധത്തില്‍ പതിനായിരങ്ങളെ പ്രക്ഷോഭത്തില്‍ അണിനിരത്തും. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം നിര്‍ത്താന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ സെക്രട്ടറി പി. കൃഷ്ണപ്രസാദ് അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ വിവിധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന കര്‍ഷകസംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം. മറ്റന്നാള്‍ മഹിളാ പഞ്ചായത്തും നടത്തും. ഡല്‍ഹി അതിര്‍ത്തികളെല്ലാം വളയുക, മഹാമനുഷ്യച്ചങ്ങല സംഘടിപ്പിക്കുക തുടങ്ങിയവയും തുടര്‍ഘട്ടങ്ങളില്‍ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയെ വളയുന്ന വിധത്തിലാവും മനുഷ്യച്ചങ്ങല ഒരുക്കുക.
കര്‍ഷകരുടെ സമരത്തിന് വിവിധ ട്രേഡ് യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലാളികളും കര്‍ഷകരും ഒന്നിച്ചുള്ള സംയുക്തമുന്നേറ്റമായി സമരം മാറാനിടയുണ്ടെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം ബി.ജെ.പിക്കെതിരേ പ്രചാരണം സംഘടിപ്പിക്കും. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തമ്പടിച്ച് കര്‍ഷക വളണ്ടിയര്‍മാര്‍ 'ഫാര്‍മേഴ്‌സ് എഗന്‍സ്റ്റ് ബി.ജെ.പി' (കര്‍ഷകര്‍ ബി.ജെ.പിക്കെതിരേ) എന്ന പേരില്‍ പ്രചാരണം നടത്തിവരുന്നുണ്ട്.
ഡല്‍ഹിയെ ഒറ്റപ്പെടുത്തി സമരം
ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍, ഷാജഹാന്‍ബാദ് എന്നിവിടങ്ങളിലെ ദേശീയപാതികളില്‍ ടെന്റ് കെട്ടിയാണ് സമരം ചെയ്യുന്നത്. ഇതില്‍ ഭാഗികമായെങ്കിലും തുറന്നത് ഗാസിപൂര്‍ അതിര്‍ത്തിയാണ്.
ഡല്‍ഹി- ഹരിയാന അതിര്‍ത്തികള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നതിനാല്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എങ്കിലും അതിരൂക്ഷ ഗതാഗത തടസം നിലനില്‍ക്കുന്നതിനാല്‍ സമരം ഇങ്ങനെ നീളുന്നതിന് സര്‍ക്കാരിനും താല്‍പര്യമില്ല.സമരം വര്‍ഷങ്ങള്‍ നീണ്ടുപോയാലും തുടരാന്‍ കഴിയുന്ന വിധത്തിലാണ് അതിന്റെ ഘടന. റോഡിന്റെ മധ്യത്തില്‍ വിശാലമായ സമരവേദി. ആയിരംപേര്‍ക്കെങ്കിലും ഉള്‍ക്കൊള്ളുന്ന കാര്‍പ്പറ്റുകളും വിരിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം സ്റ്റാളുകളുമുണ്ട്. ലൈബ്രറികളും പ്രഥമശ്രുശ്രൂഷാ കേന്ദ്രങ്ങളും ഇടവിട്ട് കാന്റീനുകളും കാണാം. ഏതുസമയത്തും ഭക്ഷണം കഴിക്കാം.
അടുത്തടുത്ത് ശുദ്ധജലസംഭരണികളും ശൗചാലയങ്ങളുമുണ്ട്. കൊതുകവല ഉപയോഗിച്ചുമൂടിയ ക്ലോസഡികളുള്ള ടെന്റുകളുമുണ്ട്. തണുപ്പു പോയി ചൂട് വന്നുതുടങ്ങിയതിനാല്‍ ടെന്റുകളിലും സമരപ്പന്തലുകളിലും ഫാനും കൂളറും ഒരുക്കാനുള്ള നീക്കത്തിലാണ് സംഘാടകര്‍.
ഇന്ന് റോഡ് ഉപരോധം
നൂറാംദിവസത്തോടനുബന്ധിച്ച് കുന്ദ്‌ലി - മനേസ്വര്‍ - പല്‍വാല്‍ എക്‌സ്പ്രസ് വേ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് ഇന്ന് ഉപരോധിക്കും. രാജ്യതലസ്ഥാന മേഖലയിലെ ഏറ്റവും പ്രധാന പാതയാണിത്. രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെയാവും ഉപരോധം. ഇതോടനുബന്ധിച്ച് സമരകേന്ദ്രങ്ങളിലെല്ലാം പ്രകടനങ്ങളും ഉണ്ടാവും.
ജീവന്‍ വെടിഞ്ഞത് 120 പേര്‍
സമരത്തിനിടെ 120 പേരാണ് മരിച്ചത്. സമീപകാലത്ത് രേഖപ്പെടുത്തിയ കൊടും തണുപ്പിനിടെയാണ് സമരം കടന്നുപോയത്. അതിശൈത്യം സഹിക്കാതെയാണ് പകുതിയിലേറെ പേരും മരിച്ചത്. 15 പേര്‍ ജീവനൊടുക്കി.
കേന്ദ്രസര്‍ക്കാരിനെതിരേ ആത്മഹത്യാ കുറിപ്പ് തയാറാക്കിയാണ് പലരും ജീവനൊടുക്കിയത്. കൊവിഡ് ഉള്‍പ്പെടെയുള്ള അസുഖങ്ങളാലും കുറച്ചുപേര്‍ മരിച്ചു. മരിച്ചവരുടെയെല്ലാം പേരുകള്‍ ഫോട്ടോ സഹിതം പന്തലില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."