ജഡേജയും അശ്വിനും തിളങ്ങി, ലങ്കയ്‌ക്കെതിരേ റണ്‍മല കയറി ഇന്ത്യ
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ സര്‍വാധിപത്യം പുലര്‍ത്തി ഇന്ത്യ. ആദ്യദിനം ഋഷഭ് പന്തിന്റെ സെഞ്ചുറി നഷ്ടത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും ചേര്‍ന്നെടുത്ത കൂട്ടുകെട്ടാണ് മികച്ച റണ്‍സ് സമ്മാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെടുത്തു നില്‍ക്കേ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജഡേജയുടെ സ്‌കോര്‍ 175ല്‍ നില്‍ക്കേയായിരുന്നു ഡിക്ലയര്‍ വിളി. ഇതോടെ കരിയറിലെ ആദ്യ 200 റണ്‍സെടുക്കാനുള്ള ജഡേജയും അവസരം നഷ്ടമായി. 228 പന്തില്‍ 17 ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് താരം പുറത്താവാതെ 175 റണ്‍സെടുത്തത്. അശ്വിന്‍ 61 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാലിന് 180 എന്ന നിലയിലേക്ക് തകര്‍ന്നു. നിലവില്‍ ഇന്ത്യക്ക് 466 റണ്‍സിന്റെ ലീഡുണ്ട്.
ആദ്യദിനം ആറിന് 356 റണ്‍സെന്ന ഭദ്രമായ നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് കൂടുതല്‍ ലീഡ് സമ്മാനിക്കുകയെന്ന ദൗത്യമായിരുന്നു അശ്വിനും ജഡേജയ്ക്കും വന്നുചേര്‍ന്നത്. അവരത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. വ്യക്തിഗത ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയും ഇന്ന് ജഡേജ അക്കൗണ്ടിലാക്കി. എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് അശ്വിന്‍ 61 റണ്‍സ് കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. അശ്വിന്‍ പുറത്തായ ശേഷമെത്തിയ ജയന്ത് യാദവിന്(2) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടെത്തിയ മുഹമ്മദ് ഷാമിയോടൊപ്പവും ജഡേജ സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചു. ശ്രീലങ്കയ്ക്കു വേണ്ടി സുരന്ദ ലക്മാല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ദെനിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റേന്തിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വിനയായി. നായകന്‍ ദിമുത് കരുണരത്‌നെ(28), ലഹിരു തിരിമന്നെ(17), എയ്ഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡിസില്‍വ (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഇന്ത്യക്കു വേണ്ടി അശ്വിന്‍ രണ്ടും ജഡേജയും ബുംറയും ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."