പുനരധിവാസങ്ങള്‍
പുറത്തു പെയ്യുന്ന മഴയുടെ കിതപ്പുകള്‍ അയാളുടെ കാതുകളിലേക്ക് ഇരച്ചു കയറിയപ്പോള്‍ അയാള്‍ സ്റ്റീല്‍ പാത്രങ്ങള്‍ എടുത്ത് വെള്ളം ഇറ്റുവീഴുന്ന സ്ഥലങ്ങളില്‍ വച്ചു. വെള്ളത്തുള്ളികളോടൊപ്പം അയാളുടെ നെടുവീര്‍പ്പുകളും പാത്രത്തിലേക്ക് തെറിച്ചുവീണു. മഴയുടെ ശബ്ദം അപ്പോഴും അയാളുടെ ഹൃദയത്തില്‍ ഇടികളായി പുനരവതരിച്ചു കൊണ്ടിരുന്നു. നീല നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഓലപ്പുരക്ക് വലിയ മഴ താങ്ങാനുള്ള ശക്തി ഉണ്ടായിരുന്നില്ല. വ്യസനശബ്ദം ഉണ്ടാക്കിക്കൊണ്ട് തെറിച്ചുവീഴുന്ന മഴത്തുള്ളികളിലേക്ക് തുറിച്ചുനോക്കിയപ്പോള്‍ അയാളുടെ മനസിലും പെരുമഴ പെയ്യുകയായിരുന്നു.
'അച്ഛാ എന്റെ പുസ്തകങ്ങള്‍ നനഞ്ഞു.' കരഞ്ഞുകൊണ്ട് റോഷന്‍ അയാളുടെ അടുത്തേക്ക് വന്നു.
'സാരമില്ല മോനേ, ഇപ്പൊ സ്‌കൂളൊന്നും ഇല്ലാലോ. മഴ പോയാല്‍ നമുക്ക് ഉണക്കാം.'
വാടിയ മുഖവുമായി അവന്‍ അകത്തേക്ക് പോയപ്പോള്‍ അയാള്‍ പിന്നെയും ചിന്തകളിലേക്ക് മൂക്കും കുത്തിവീണു. പാവം.. കൂട്ടുകാരൊക്കെ ഓണ്‍ലൈനായി പഠിക്കുന്നത് അവനറിയുന്നുണ്ട്. ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പോലും പൈസയില്ലാത്ത അച്ഛനെ അവന്‍ ശപിക്കുന്നുണ്ടാവും. കുറച്ചു പേര്‍ ടി.വിയുമായി വന്നപ്പോള്‍ 'കറന്റെവിടെ?' എന്ന തന്റെ ചോദ്യത്തിന് മറുപടിയായി റോഷന്റെ കണ്ണുകളില്‍ നിന്ന് ഇറ്റുവീണ കണ്ണീര്‍തുള്ളികള്‍ക്ക് അവന്റെ കയ്യിലെ കളര്‍ പുസ്തകത്തിലെ നിറങ്ങളെ മായ്ച്ചു കളയാന്‍ ശക്തിയുണ്ടായിരുന്നു. അയാളുടെ ചിന്തകള്‍ ഉയര്‍ന്നുപൊങ്ങി നനഞ്ഞുകുതിര്‍ന്നു. കഴിഞ്ഞ കൊല്ലത്തെ പ്രളയത്തിനാണ് എല്ലാം നഷ്ടപ്പെട്ടത്. ചെറുതായെങ്കിലും നല്ലൊരു വീടുണ്ടായിരുന്നു. സന്തോഷവും. പക്ഷേ പ്രളയം ഇടിച്ചുകയറിവന്ന് എല്ലാം വിഴുങ്ങിക്കൊണ്ടുപോയി. താന്‍ വെള്ളം വളരെ സൂക്ഷിച്ച് മാത്രമേ കൈകാര്യം ചെയ്യാറുണ്ടായിരുന്നുള്ളൂ. വെള്ളം വെറുതെ കളയരുതെന്ന് മക്കളോടും പറഞ്ഞു. എന്നിട്ടും എന്തിനായിരുന്നു വെള്ളത്തിന് തന്നോട് ഇത്രയും ദേഷ്യം? പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. ആ വാഗ്ദാനങ്ങളൊക്കെ വെള്ളത്തില്‍ ഒലിച്ചുപോയോ? നാട്ടിലെ നേതാവ് ദുരിതാശ്വാസ ക്യാംപില്‍ വന്ന് പറഞ്ഞിരുന്നു. വീട് കിട്ടും. കുറച്ചു സമയമാവും എന്ന്. മാസങ്ങള്‍ കൊഴിഞ്ഞു വീണപ്പോള്‍ പലരും പറഞ്ഞു പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളുമായി ഒന്ന് ബന്ധപ്പെടാന്‍. ഒരിക്കല്‍ അയാളുടെ വീട്ടില്‍ നേരിട്ട് പോയിരുന്നു. ആ പഴയ ഓടിട്ട വീട്ടിലെ മട്ടുപ്പാവില്‍ അയാളോടൊപ്പം വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ പിന്നില്‍ 'തൊഴിലാളികള്‍, വര്‍ഗ്ഗസമരം, സാമ്രാജ്യത്വം' എന്നൊക്കെ കേട്ടു. എങ്ങനെയാണ് ഈ ചെറിയൊരു ഓലപ്പുര സ്വന്തമായി ഉണ്ടാക്കിയെടുത്തത് എന്ന് തനിക്ക് മാത്രമേ അറിയൂ. കൊറോണ വന്നത് മുതല്‍ പണിയും ഇല്ല. മിക്കവാറും പട്ടിണി തന്നെ. ഈ വര്‍ഷവും പ്രളയം ഉണ്ടാവുമെന്നൊക്കയാണ് കേള്‍ക്കുന്നത്. ഇനി ഇതും കൂടി ഒലിച്ചു പോയാല്‍ താനും കുടുംബവും എന്ത് ചെയ്യും?
അയാളുടെ മനസില്‍ ഇടിയും മഴയും പിന്നെയും മുഴക്കങ്ങള്‍ സൃഷ്ടിച്ചു.
ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അയാള്‍ പുറത്തേക്കിറങ്ങി റോഡിലൂടെ നടന്നു. നേരത്തെ പെയ്ത മഴയുടെ ബാക്കി കാറ്റില്‍ പാറി വന്നു അയാളുടെ മുഖത്ത് പതിഞ്ഞു. അയാള്‍ നടന്നുകൊണ്ടിരുന്നു. ഓര്‍മകള്‍ നിറഞ്ഞ വഴിയിലൂടെ... നേതാവിന്റെ വീട് ലക്ഷ്യമാക്കി. വഴികളില്‍ പുല്ലും മറ്റും വളര്‍ന്നിട്ടുണ്ട്. നനഞ്ഞ ഇടവഴി കടന്ന് അയാള്‍ മെയിന്‍ റോഡിലേക്ക് കയറി. അയാളുടെ കാല്‍ തട്ടി വയലറ്റ് നിറത്തിലുള്ള തൊട്ടാവാടിപ്പൂവ് നാണിച്ചു തല താഴ്ത്തി.
ഇവിടെ എവിടെയോ ആണ് നേതാവിന്റെ വീട്. വഴി തെറ്റിയോ? എവിടെയാണ്? അയാള്‍ പതറിയ കണ്ണുകളുമായി ചുറ്റും നോക്കിക്കൊണ്ടിരുന്നു. പക്ഷേ ഒരുപാട് തിരഞ്ഞിട്ടും അയാള്‍ക്ക് നേതാവിന്റെ വീട് കണ്ടെത്താന്‍ പറ്റിയില്ല. ഒരു കറുത്ത പൂച്ച മതിലില്‍ നിന്നു താഴേക്ക് ചാടി അയാളുടെ കാലിനിടയിലൂടെ ഓടിപ്പോയി. അപ്പോള്‍ ഒരു വൃദ്ധന്‍ ആ വഴി നടന്നുവരുന്നത് കണ്ടു.
'നേതാവിന്റെ വീട് എവിടെയാണ്?' അയാള്‍ ചോദിച്ചു.
വൃദ്ധന്‍ അയാളെ തുറിച്ചുനോക്കി. ഇഷ്ടപ്പെടാത്തത് പോലെ. അയാള്‍ തോളിലെ വെളുത്ത തോര്‍ത്ത് എടുത്ത് ഒന്ന് കുടഞ്ഞ് അടുത്ത തോളിലേക്കിട്ടു.
'എവിടെയാണ് ഈ ദിവാകരന്‍ നേതാവിന്റെ വീട്?' അയാള്‍ പിന്നെയും ചോദിച്ചു.
പെട്ടെന്ന് ആ വൃദ്ധന്‍ റോഡിന്റെ എതിര്‍വശത്തേക്ക് വിരല്‍ചൂണ്ടി. അവിടെ പുതുക്കിപ്പണിതത് പോലെയുള്ള വലിയൊരു ഇരുനില വീട് കണ്ടു. അപ്പോള്‍ അയാളുടെ അകത്തളങ്ങളില്‍ ചിതറിയ ചില ചിന്തകള്‍ കടന്നുപോയി.
'ഇതു തന്നെയാണോ?' അയാള്‍ ഒന്നുകൂടി ചോദിച്ചു.
'അതെ.' വൃദ്ധന്‍ തറപ്പിച്ചു പറഞ്ഞു കൊണ്ട് നടന്നുപോയി. ഒരു നിമിഷം അയാളുടെ മനസില്‍ പൊടിപിടിച്ച പഴയ ഒരു ഓടിട്ട വീട് തെളിഞ്ഞുവന്നു. ഒന്നുകൂടി ആ വലിയ വീട്ടിലേക്ക് നോക്കി അയാള്‍ തിരിഞ്ഞുനടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."