മണിപ്പൂർ രണ്ടാംഘട്ടത്തിൽ 76.04 ശതമാനം പോളിങ്; അക്രമത്തിൽ രണ്ട് മരണം
ഇംഫാൽ
മണിപ്പൂരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിൽ അക്രമങ്ങളിൽ രണ്ട് മരണം.
സംസ്ഥാനത്ത് 76.04 ശതമാനം പോളിങ് രേഖപ്പെടുത്തി. ആറു ജില്ലകളിലെ 22 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. സേനാപട്ടിയിലെ കരോങ് മണ്ഡലത്തിലെ സ്‌കൂളിൽ പൊലിസ് നടത്തിയ വെടിവയ്പ്പിൽ ആദിവാസി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പോളിങ് സ്‌റ്റേഷനിൽ നിന്ന് ചിലർ മെഷിനുകൾ അപഹരിച്ചതിനെ തുടർന്നാണ് വെടിവയ്പ് നടന്നത്.
കാരണമില്ലാതെയാണ് വെടിവയ്പുണ്ടായതെന്ന് ബി.ജെ.പി സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നേരത്തെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റു മരിച്ചിരുന്നു. കോൺഗ്രസുകാരാണ് വെടിവയ്പിനു പിന്നിലെന്നാണ് ബി.ജെ.പി ആരോപണം. അമുബ സിങ് (25) ആണ് കൊല്ലപ്പെട്ടത്. ഇംഫാലിൽ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവിന്റെ വീട്ടിനു നേരെ ബോംബേറുണ്ടായി. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞത്. ഇന്നലെ രാവിലെ 7 മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 8.38 ലക്ഷം വോട്ടർമാരാണ് വോട്ടുചെയ്യേണ്ടിയിരുന്നത്. 92 സ്ഥാനാർഥികളും മത്സരരംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."