വ്ളോഗർ നേഹയുടെ മരണം : ലഹരി മാഫിയയുടെ പങ്ക് പൊലിസ് അന്വേഷിക്കുന്നു, അറസ്റ്റിലായ യുവാവിനെ വീണ്ടും ചോദ്യംചെയ്യും
സ്വന്തം ലേഖിക
കൊച്ചി
വ്ളോഗറും കണ്ണൂർ സ്വദേശിനിയുമായ നേഹയുടെ മരണത്തിൽ ലഹരി മാഫിയയുടെ പങ്കിനെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം 28ന് പോണേക്കരയിലെ അപ്പാർട്ട്മെൻ്റിലാണ് നേഹയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ ഫ്ളാറ്റിലെത്തിയ കാസർകോട് സ്വദേശി അബ്ദുൽസലാമിനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. സംശയത്തെ തുടർന്ന് ഇയാളുടെ വാഹനം പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. എട്ട് ഗ്രാം എം.ഡി.എം.എ ടാബ് ലറ്റും ഉപ്പ് രൂപത്തിലുള്ള എം.ഡി.എം.എയുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അപ്പാർട്ട്മെന്റിലേക്ക് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചിരുന്നതായും ചോദ്യംചെയ്യലിൽ പൊലിസിന് വ്യക്തമായിരുന്നു. അപ്പാർട്ട്മെൻ്റിനകത്തുനിന്നും മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലിസ്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സുഹൃത്തായ സിദ്ധാർഥിനൊപ്പമാണ് നേഹ അപ്പാർട്ട്മെന്റിൽ താമസിച്ചുവന്നത്. സിദ്ധാർഥ് സുഹൃത്ത് സനൂജിനൊപ്പം നേഹയെ നിർത്തി കാസർകോട്ടേക്ക് പോയപ്പോഴാണ് സംഭവമുണ്ടായത്. ഭക്ഷണം വാങ്ങാൻ പോയി തിരിച്ചുവന്നപ്പോൾ നേഹയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നുവെന്നാണ് സനൂജിൻ്റെ മൊഴി. എന്നാൽ നെട്ടൂർ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്ത് പൊലിസ് വിട്ടയക്കുകയായിരുന്നു. അതേസമയം സിദ്ധാർഥിൻ്റെയും നേഹയുടെയും ഫോണുകൾ ശാസ്ത്രീയമായി പരിശോധിക്കും. ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അബ്ദുൽസലാം അപ്പാർട്ട്മെൻ്റിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതും ആരൊക്കെയാണ് കണ്ണിയായതെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."