'അധികാരമില്ലാതെ ജീവിക്കാനാവാത്തവരുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണം ഇല്ലാതാക്കും'; സേവ് സി.പി.എം എന്ന പേരില്‍ വ്യാപക പോസ്റ്ററുകള്‍
കോഴിക്കോട്/പാലക്കാട്: സി.പി.എം സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി പാര്‍ട്ടി അണികള്‍ക്കിടയില്‍ വ്യാപക അതൃപ്തിയെന്ന് സൂചന. നേരത്തെ ജയരാജന് വേണ്ടി പി.ജെ ആര്‍മി ഇറങ്ങിയതിനു പിന്നാലെ, പലയിടത്തും സ്ഥാനാര്‍ഥി പട്ടികയ്‌ക്കെതിരെ പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
കോഴിക്കോട് കുറ്റ്യാടിയിലും പാലക്കാടുമാണ് ഇന്ന് രാവിലെ ചില പോസ്റ്ററുകള്‍ കൂടി പ്രത്യക്ഷപ്പെട്ടത്. പാലക്കാട് സി.പി.എം ജില്ലാ കമ്മറ്റി ഓഫിസിനും മന്ത്രി എ.കെ ബാലന്റെ വീടിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. മന്ത്രി എ.കെ ബാലന് പകരം ഭാര്യ ജമീലയുടെ പേര് പട്ടികയില്‍ വന്നതിനെതിരെയാണ് പാലക്കാട്ടെ പോസ്റ്ററുകള്‍.
മണ്ഡലം കുടുംബസ്വത്താക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും. അധികാരമില്ലാതെ ജീവിക്കാനാവാത്തവരുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണം ഇല്ലാതാക്കും, രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സേവ് സി.പി.എം എന്ന പേരിലാണ് ഫ്‌ലക്‌സുകള്‍.
കുറ്റ്യാടി മണ്ഡലത്തില്‍ സി.പി.എം നേതാവ് കെ.പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി.പി.എം ശക്തി കേന്ദ്രങ്ങളിലാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ചുവന്ന കുറ്റ്യാടിയുടെ ചുവന്ന കരുത്ത് ഞങ്ങളുടെ സ്ഥാനാര്‍ഥി കെ.പി കുഞ്ഞമ്മദ് എന്നാണ് പോസ്റ്ററുകളില്‍ ഉള്ളത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണം.
ജയരാജന് പുറമെ, തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ക്കു വേണ്ടിയും പോസ്റ്ററുകളും സോഷ്യല്‍ മീഡിയാ ക്യാംപയിനുകളും നടന്നിരുന്നു. ഇവരില്ലാതെ എന്ത് ഉറപ്പ്? എന്ന രീതിയിലായിരുന്നു പ്രതിഷേധ പോസ്റ്ററുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."