ഡി.ജി.പിയുടെ പേരിൽ വ്യാജസന്ദേശമയച്ച് 14 ലക്ഷം തട്ടി
കൊല്ലം
സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തിന്റെ പേരിൽ ഓൺലൈനിലൂടെ 14 ലക്ഷം രൂപ തട്ടിയെടുത്തു. അനിൽ കാന്തിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ അധ്യാപികയിൽ നിന്നാണ് സംഘം പണം തട്ടിയത്. ഉത്തരേന്ത്യൻ ഹൈടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ലോട്ടറി അടിച്ചെന്ന സന്ദേശമാണ് കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് തട്ടിപ്പ് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോൾ പിന്നെയെത്തിയത് ഡി.ജി.പിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡി.ജി.പിയുടെ ചിത്രം വച്ച് വാട്‌സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഡി.ജി.പിയുടെ സന്ദേശത്തിൽ താൻ ഇപ്പോൾ ഡൽഹിയിലാണെന്നും അറിയിച്ചു. സംശയം തീർക്കാൻ അധ്യാപിക പൊലിസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോൾ, അന്ന് ഡി.ജി.പി ഡൽഹിയിലേക്ക് പോയെന്ന മറുപടി ലഭിച്ചതോടെ സന്ദേശമയക്കുന്നത് ഡി.ജി.പിയാണെന്ന് അധ്യാപിക ഉറപ്പിക്കുകയായിരുന്നു. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈടെക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പൊലിസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സ് ആപ്പ് മുഖേനയും വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."