സഊദിയിൽ അകൗണ്ടന്റ് മേഖലയിൽ 1,40,000 പേരും വിദേശികൾ, സ്വദേശികൾ 30,000 പേർ മാത്രം
റിയാദ്: സഊദിയിൽ അകൗണ്ടന്റ് മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാനുള്ള നടപടികളുമായി അധികൃതർ. ഇതിനായി കൂടുതൽ സർവ്വകലാശാലകളും അവിടങ്ങളിൽ കൂടുതൽ പഠന സംവിധാനങ്ങളും ഉൾപ്പെടുത്തി വിപുലപ്പെടുത്തി വരികയാണ്. അകൗണ്ടന്റ്സ് അതൊറിറ്റി സെക്രട്ടറി ജനറൽ ഡോ: അഹ്മദ് അൽമഗാമിസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അൽ ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 1,70,000 അക്കൗണ്ടന്റുമാരാണ് സഊദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 33 ശതമാനം മാത്രമാണ് സ്വദേശികൾ. 1,40,000 വിദേശ അകൗണ്ടന്റ്മാരും 30,000 സ്വദേശി അകൗണ്ടന്റ്മാരുമാണ് വിപണിയിലുള്ളത്. സഊദി സമ്പദ്‌വ്യവസ്ഥയുടെ ശക്തിയാണ് വിദേശ അക്കൗണ്ടന്റുമാരുടെ എണ്ണക്കൂടുതലിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുൻകാലങ്ങളിൽ അക്കൗണ്ടൻസി ബിരുദം പൂർത്തിയാക്കിയ സ്വദേശികളുടെ എണ്ണക്കുറവ് കാരണം വിദേശ അക്കൗണ്ടന്റുമാർക്ക് വലിയ തോതിൽ ആവശ്യമുണ്ടായിരുന്നു. ഇത് മറികടക്കാൻ പുതിയ പദ്ധതികളുമായാണ് അധികൃതർ രംഗത്തെത്തിയത്. നേരത്തെ രാജ്യത്തെ ഏഴു യൂനിവേഴ്‌സിറ്റികൾ മാത്രമാണ് അക്കൗണ്ടൻസി കോഴ്‌സ് പഠിപ്പിച്ചിരുന്നത്. ഇപ്പോൾ 27 സർവകലാശാലകൾ അക്കൗണ്ടൻസി കോഴ്‌സ് പഠിപ്പിക്കുന്നതിലേക്ക് ഉയർത്തിയിട്ടുണ്ട്. പ്രതിവർഷം ആറായിരം മുതൽ ഏഴായിരം വരെ അക്കൗണ്ടൻസി ബിരുദധാരികൾ പുറത്തിറങ്ങാൻ ഇത് സഹായിക്കും. സഊദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ രജിസ്റ്റർ ചെയ്യുന്നതിനിടെ 450 വ്യാജ സർട്ടിഫിക്കട്ടുകളും പിടികൂടിയതായും ഇവരെ തുടർ നടപടികൾൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."