ഈ വനിതാ ദിനത്തില്‍ ആ വനിത എന്തുചെയ്യുന്നു?
'എനിക്കറിയില്ല മോനെ ന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്തു പറയണമെന്ന്, ന്നാലും ഈ കാലം വല്ലാത്ത കാലമാണ്. വല്ലാത്ത ലോകമാണ്. പ്രത്യേകിച്ച് പൈസയില്ലാത്തോര് ഏറെ പേടിക്കണം. കാരണം ഇങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാകില്ല. പിന്നെ ആളെ പേരും ജാതിയൊക്കെ നോക്കി പല കാര്യങ്ങളും തീരുമാനിക്ക കൂടി ചെയ്യുന്ന ഒരു കാലം കൂടിയാണിത്'.
കേള്‍ക്കുമ്പോള്‍, ചിലപ്പോള്‍ ഒരക്കാദമിക് ബുദ്ധിജീവിയുടെ താത്വികാവലോകനമാണോയെന്നൊക്കെ ചിലര്‍ക്കെങ്കിലും സംശയം തോന്നാവുന്നതാണ്. എന്നാല്‍, കോഴിക്കോടിന്റെ നഗരാതിര്‍ത്തിയിലെ, ചെറിയ പ്രദേശത്തെ ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ നോവ്, ഈ ഉമ്മാക്ക് നല്‍കിയ ജീവിതാനുഭവത്തില്‍ നിന്നുള്ള പ്രതികരണമാണിത്.
പരിചയപ്പെടുത്തുമ്പോള്‍, അധികം പറയാതെ തന്നെ ഈ ഉമ്മയെ നിങ്ങള്‍ക്ക് അറിയും. അത്രത്തോളം കേരളം ചര്‍ച്ചചെയ്ത ഒരു കേസ്, അഥവാ പന്തിരാങ്കാവ് യു.എ.പി.എ കേസിനോട് പരോക്ഷമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ത്രീയാണ് ഈ മാതാവ്. പന്തിരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളിലൊരാളായ താഹാ ഫസലിന്റെ മാതാവ് ജമീല.
ഒരു രാത്രി മാറ്റിമറിച്ചത്
ഒരു പാതിരാ നേരത്ത് വീട്ടിനുള്ളിലേക്ക് കയറിവന്ന് ഏതെല്ലാമോ പുസ്തകങ്ങളും ലഘുലേഖകളുമെല്ലാം എടുത്തുകൊണ്ടുപോകുമ്പോള്‍, ഈ ഉമ്മയ്ക്കറിയില്ലായിരുന്നു. മകനെ ചിലപ്പോള്‍ എന്നേന്നേക്കുമായി തന്നില്‍ നിന്നകറ്റി കൊണ്ടുപോയേക്കാവുന്നത്ര ഭീകരമായ ഒരു കാര്യമാണ് അന്ന് രാത്രി നടക്കുന്നതെന്ന്. എന്നാല്‍ മകന്‍ ഹൃദയത്തിലേറ്റി നടന്നിരുന്ന, തന്റെ ജീവനെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരു പ്രസ്ഥാനം ഒപ്പമുള്ളപ്പോള്‍ ഈ ഉമ്മാക്ക് ഒരു ധൈര്യമുണ്ടായിരുന്നു. തങ്ങളെ ആരും കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതവര്‍ കൈവിടുകയും ചെയ്തിരുന്നില്ല.
പക്ഷേ, പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും മാറിയ ഈ പുതിയ ലോകത്തെ തിരിച്ചറിയുകയായിരുന്നു ഇവര്‍. തങ്ങളുടെ കണ്‍മുന്നില്‍ വച്ച് പറഞ്ഞതൊക്കെ, ഒരു നാഴിക ദൂരമെത്തുമ്പോഴേക്ക് പലരും തിരുത്തിപ്പറയുവാന്‍ തുടങ്ങിയപ്പോഴേക്കും ഇവര്‍ക്കന്ന് ബോധ്യമായി, സഖാവ് ഇ.എം.എസിന്റെ 'അഭിപ്രായം ഒരു ഇരുമ്പുലക്കയൊന്നുമല്ലല്ലോ 'എന്നത് എത്ര ശരിയായ പ്രയോഗമാണെന്ന്.
ഇത്തരം അനേകം തിരിച്ചറിവാണ് ജമീലയെന്ന അറുപതിനടുത്ത് പ്രായമുള്ള ഈ ഉമ്മയുടെ സഹന ശക്തിക്ക് ഇപ്പോള്‍ കരുത്തു പകരുന്നത്. ഇപ്പോഴും തന്നെ കാണാനെത്തുന്ന അടുപ്പമുളളവരും അല്ലാത്തവരുമായ എല്ലാവരോടും 'എനിക്കുറപ്പുണ്ട് മോനെ ന്റെ കുട്ടി ഒരിക്കല്‍ തിരിച്ചുവരും അവനെപ്പറ്റി പറഞ്ഞതെല്ലാം ശരിയല്ലെന്ന് തെളിയിച്ചു കൊണ്ട്. അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്' എന്നു പറയുന്നതുമിതു കൊണ്ടാണ്.
സ്‌കൂളില്‍ നാലാം ക്ലാസ് വരെ മാത്രമേ പോകാന്‍ കഴിഞ്ഞിട്ടുള്ളൂ ജമീലക്ക്. എന്നാല്‍ പിന്നീട് കല്യാണം കഴിഞ്ഞ ശേഷം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ പോയി ഏഴാം ക്ലാസ് വരെ പഠിച്ചു. ഈ ചെറിയ വിദ്യാഭ്യാസമുള്ളൂവെങ്കിലും തന്റെ മക്കള്‍ക്ക് താന്‍ ചൊല്ലിക്കൊടുത്തതെന്തെന്നതിനെക്കുറിച്ച് ഈ ഉമ്മ പറയുന്ന വാചകങ്ങള്‍ മാത്രം മതിയാകും ഒരുപക്ഷേ, ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ജീവിതമാണ്, അതിനെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഒരു നല്ല വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍. 'മുന്‍പ് ജയിലില്‍ പോയി കണ്ടപ്പോള്‍ ന്റെ കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ തക്ക കുറ്റമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതോണ്ട് ങ്ങള് വിഷമിക്കാതിരിക്കണം എന്നാണവന്‍ എന്നോടു പറഞ്ഞത്. ന്റെ മോന്‍ തെറ്റു ചെയ്യാതെയാണ് പോയത്. ആര്‍ക്കും എന്തു വേണമെങ്കിലും ചെയ്തു കൊടുക്കണംന്നാണ് ഞാനെന്റെ രണ്ടു മക്കളെയും പഠിപ്പിച്ചത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇല്ലെങ്കിലും ഉള്ളതു കൊടുക്കണമെന്നാണ് ഞാനവരെ പഠിപ്പിച്ചത്. രണ്ടു മക്കളും ഇന്നും അങ്ങനെയാണ്. സത്യസന്ധരായിട്ടാണ് ഞാനവരെ ഇക്കാലം വരെ വളര്‍ത്തിയത്'- ജമീല പറയുന്നു.
ജമീലയുടെ സംശയങ്ങള്‍
താഹയുടെ കൈയ്യില്‍ നിന്ന് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പാതിരാത്രി താഹയെ സ്വന്തം വീട്ടില്‍ കൊണ്ടുവരുമ്പോഴും പൊലിസിന്റെ കൈയ്യിലുള്ള മഹസ്സറില്‍ യു.എ.പി.എ എന്നെഴുതിയിരുന്നു. കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് മുന്‍പേ ഇങ്ങനെ എഴുതിയതെന്തിനാണ്?
നട്ടപ്പാതിരാക്ക് വീട്ടില്‍ കൊണ്ടുവന്ന് മുദ്രാവാക്യം വിളിപ്പിച്ചതെന്തിനാണ്? അങ്ങനെ മുദ്രാവാക്യം വിളിക്കുമായിരുന്നെങ്കില്‍ കസ്റ്റഡിയിലെടുത്ത ഉടനെ അവര്‍ വിളിക്കില്ലായിരുന്നോ?
പത്തൊന്‍പത് വയസുള്ള അലനെ കഴിഞ്ഞ അഞ്ചു വര്‍ഷമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പൊലിസ് പറയുന്നത്. അങ്ങനെയെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാക്കളെയല്ലേ ആദ്യം അത് അറിയിക്കേണ്ടത്?
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ജമീലക്ക് മാത്രമല്ല, പൊതുസമൂഹത്തിന് ഒന്നാകെ ഇത്തരം അനേകമനേകം സംശയങ്ങള്‍ തുടക്കം മുതലുണ്ട്. ഇതുകൊണ്ട് തന്നെയാണ് ഈ കേസിന്റെ ആദ്യം മുതല്‍ ഇതിനെക്കുറിച്ച് പലരും പല ചോദ്യങ്ങള്‍ ചോദിച്ചതും സംശയങ്ങള്‍ ഉന്നയിച്ചതും. അത് പൊതുസമൂഹത്തിനപ്പുറം നീതി പീഠങ്ങളില്‍ നിന്നുവരെ ഉണ്ടായെന്നതാണ് അലന്‍- താഹ കേസിനെ മറ്റു പലതില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന്.
വീണ്ടും കെട്ട പ്രതീക്ഷകള്‍
ഉറങ്ങിക്കിടന്നിരുന്ന പ്രതീക്ഷകളില്‍ വീണ്ടും പുതുനാമ്പുകള്‍ മുളച്ചുപൊട്ടിയതുപോലെയായിരുന്നു ജമീലക്ക്, അലനും താഹക്കും പ്രത്യേക കോടതി നല്‍കിയ ജാമ്യം. എന്നാല്‍ നാല് മാസമാകുവാന്‍ നാല് ദിവസം ബാക്കി നില്‍ക്കേ കഴിഞ്ഞ ജനുവരി അഞ്ചിന് ഹൈക്കോടതി അലന്‍ താഹമാരില്‍ താഹാ ഫസലിന്റെ ജാമ്യം മാത്രം റദ്ദാക്കി. കാര്യങ്ങളെ മനസിലാക്കുവാന്‍ പ്രായവും പക്വതയുമുള്ള ആള്‍ എന്ന നിലക്ക് വിദ്യാര്‍ഥി, യുവാവ് എന്ന, താഹ ഫസലിന് എന്‍.ഐ.എ പ്രത്യേക കോടതി നല്‍കിയ ആനുകൂല്യം നല്‍കാനാകില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്തത്.
ഇനി ജാമ്യത്തിനായി സമീപിക്കേണ്ടത് സുപ്രിം കോടതിയെയാണ്. എന്നാല്‍ അന്നന്നത്തെ അന്നത്തിനായി നെട്ടോട്ടമോടുന്ന ഈ ഉമ്മയ്‌ക്കോ, താഹയുടെ സഹോദരനോ ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ കൈവെള്ളയില്‍ വച്ചു കൊടുക്കേണ്ടുന്ന വക്കീലന്മാര്‍ക്ക് മുന്നില്‍ പോയി നില്‍ക്കുകയെന്നത് ഇപ്പോള്‍ 'സ്വപ്‌നങ്ങളില്‍ മാത്ര'മാണ് സാധിക്കുക.
പാര്‍ട്ടിക്കാരും വരവ് നിര്‍ത്തി
ഇന്ന് ആരും ജമീലയെയോ താഹയുടെ പിതാവ് അബൂബക്കറിനെയോ തേടി ഇവരുടെ വീട്ടില്‍ വരാറില്ല. മുഖ്യമന്ത്രി അലന്‍ താഹമാരെ തള്ളി പ്രസ്താവനയിറക്കിയതോടെ പാര്‍ട്ടിക്കാരും വരുന്നത് നിര്‍ത്തി. ജാമ്യം കിട്ടിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ മുനീറും കാണാന്‍ വന്നിരുന്നു. വീടു നന്നാക്കാന്‍ അഞ്ചു ലക്ഷം രൂപയും തന്നിരുന്നു. യു.എ.പി.എ കേസിന്റെ റേറ്റിങ് കുറഞ്ഞതുകൊണ്ടോ പുതിയ വിവാദ വിഷയങ്ങള്‍ ദിനേന തള്ളിക്കയറി വരുവാന്‍ തുടങ്ങിയതുകൊണ്ടോ, എന്തോ ചാനലുകാരടക്കമുള്ള മാധ്യമങ്ങളുടെ വരവും ഇപ്പോള്‍ ഇല്ലാതായി. എങ്കിലും ഈ ഉമ്മയുടെ പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ല. 'ന്റെ മോന്‍ തെറ്റൊന്നും ചെയ്യാത്തതുകൊണ്ട് ഒരിക്കല്‍ ഇതിനെയെല്ലാം അതിജയിച്ച് ന്റെ മുന്നിലെത്തും. അന്നാണ് ന്റെ ശരിക്കുള്ള പെരുന്നാള്‍'. ജമീല ഇതു പറഞ്ഞവസാനിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന നമുക്കും ഒരു ഉമ്മയുടെ നോവിനപ്പുറമുള്ള നിശ്ചയദാര്‍ഢ്യത്തെ തൊട്ടറിയുവാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."