നന്ദിഗ്രാമിലെ പോരാണ് പോര്!
ന്യൂഡല്‍ഹി: കേരളം, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന 824 മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പോരാട്ടമായി മാറി നന്ദിഗ്രാമിലേത്. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും അടുത്തിടെ വരെ മമതയുടെ വലംകൈയായി പ്രവര്‍ത്തിച്ച് പിന്നീട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുമാണ് ഇവിടെ പോരടിക്കുക. മണ്ഡലത്തിലെ വിജയം രണ്ടുകൂട്ടര്‍ക്കും സംസ്ഥാനഭരണം പിടിക്കുന്നത്ര വാശിനിറഞ്ഞതാവും. പുര്‍ബ മെദിനിപൂര്‍ ജില്ലയില്‍പ്പെട്ട നന്ദിഗ്രാമില്‍ രണ്ടാംഘട്ടമായ ഏപ്രില്‍ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുക.
ജനുവരി 18ന് നന്ദിഗ്രാമില്‍ നടത്തിയ റാലിക്കിടെയാണ് മണ്ഡലത്തില്‍ മത്സരിക്കുമെന്നും നേരിടാന്‍ ഉണ്ടോയെന്നും സുവേന്ദുവിനെ മമത വെല്ലുവിളിച്ചത്. കഴിഞ്ഞയാഴ്ച ഇക്കാര്യം ഔദ്യോഗികമായും അറിയിച്ചു. മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അന്ന് തന്നെ സുവേന്ദു വെല്ലുവിളി സ്വീകരിച്ചു. ഇന്നലെ ബി.ജെ.പി പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ നന്ദിഗ്രാമില്‍ സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചതോടെയാണ് ദേശീയശ്രദ്ധ മുഴുവനും മണ്ഡലത്തിലേക്ക് തിരിഞ്ഞത്.
ഇടതുപക്ഷ, മതേതരപ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള ബംഗാളിലെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചതില്‍ നന്ദിഗ്രാമിനോളം പങ്ക് മറ്റൊന്നിനില്ല. ടാറ്റയുടെ നാനോ കാര്‍ പദ്ധതിയ്ക്ക് വേണ്ടി ഭൂമിയേറ്റെടുക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് വെടിവയ്പ്പ് നടന്നതോടെയാണ് ഹൂഗ്ലീ നദിയുടെ പോഷകനദിയായ ഹല്‍ദിയുടെ പടിഞ്ഞാറുതീരത്തെ വിശാല ഗ്രാമപ്രദേശമായ നന്ദിഗ്രാം എന്ന പേര് ദേശീയമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ഏവര്‍ക്കും സുപരിചിതമാവുന്നതും. വെടിവയ്പ്പും അതിനെതിരായ പ്രചാരണവും 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലേറാന്‍ തൃണമൂലിനെ സഹായിച്ചു. നന്ദിഗ്രാം വിഷയമായി ഉയര്‍ത്തി ബംഗാളില്‍ മമതക്കൊപ്പം പ്രചാരണം നടത്താന്‍ യുവാവായ സുവേന്ദുവാണ് ഉണ്ടായിരുന്നത്. നന്ദിഗ്രാം ഉള്‍പ്പെടുന്ന ജില്ലക്കാരനാണ് സുവേന്ദു.
കൂടാത്തതിന് കുടുംബപ്പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ വളരെ മുന്‍പേ ഭരണകേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുള്ള അധികാരി കുടുംബത്തിലെ അംഗവും. മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരുമടക്കമുള്ളവര്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയിട്ടുണ്ട്. എങ്കിലും സുവേന്ദുവാണ് ബംഗാളിലെ ബി.ജെ.പിയുടെ ഏറ്റവും തുരുപ്പുചീട്ടും വലിയ സമ്പാദ്യവും. അതുകൊണ്ട് തന്നെയാണ് തൃണമൂലിന്റെയും ബി.ജെ.പിയുടെയും ഒന്നാംനമ്പര്‍ താരങ്ങള്‍ പോരടിക്കുന്ന നന്ദിഗ്രാം ശ്രദ്ധേയമാവുന്നത്.
മണ്ഡല ചരിത്രം
തുടക്കത്തില്‍ തുടര്‍ച്ചയായി ആറുവര്‍ഷം കോണ്‍ഗ്രസ് കൈവശം വച്ച മണ്ഡലമായിരുന്നു നന്ദിഗ്രാം. 1967ല്‍ സി.പി.എമ്മിന്റെ ഭൂപല്‍ചന്ദ്രപാണ്ഡ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. 1977ലെ ജനതാപാര്‍ട്ടി തരംഗത്തില്‍ ആ വര്‍ഷം ജനതാപാര്‍ട്ടിക്കൊപ്പം നിന്നതൊഴിച്ചാല്‍ 67ന് ശേഷമുള്ള ഏഴു തെരഞ്ഞെടുപ്പുകളിലും നന്ദിഗ്രാമില്‍ ഇടതു ആധിപത്യമായിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 1996ല്‍ ദേബ് ശങ്കര്‍ പാണ്ഡയിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചെങ്കിലും 2001ലും 2006ലും ഇല്യാസ് മൂഹമ്മദിലൂടെ സി.പി.എം മണ്ഡലം തങ്ങളുടെതാക്കി.
നന്ദിഗ്രാമിനെ നടുക്കിയ വെടിവയ്പ്പിന് പിന്നാലെ 2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ് നന്ദിഗ്രാമില്‍ വിജയിച്ചു. രക്തസാക്ഷികളുടെ മാതാവ് എന്ന വിശേഷണമുള്ള ഫിറോസ ബീവിയായിരുന്നു തൃണമൂലിന് വേണ്ടി മണ്ഡലം ആദ്യം പിടിച്ചെടുത്തത്. ഫിറോസയുടെ മകന്‍ നന്ദിഗ്രാം വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. 2011ലും ഫിറോസ വിജയം ആവര്‍ത്തിച്ചു. അപ്പോഴേക്കും മണ്ഡലം തൃണമൂലിന്റെ കോട്ടയായി മാറിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമത തന്റെ ഏറ്റവും വിശ്വസ്തനായ സുവേന്ദുവിനെയാണ് നന്ദിഗ്രാം നിലനിര്‍ത്താന്‍ ചുമതലപ്പെടുത്തിയത്. 81,230ന്റെ വന്‍ഭൂരിപക്ഷത്തില്‍ സുവേന്ദു മണ്ഡലം നിലനിര്‍ത്തുകയും ചെയ്തതാണ് നന്ദിഗ്രാമിന്റെ ചരിത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 67 ശതമാനം വോട്ടുകളാണ് തൃണമൂലിന് ലഭിച്ചത്. സി.പി.ഐക്ക് 26.7ഉം ബി.ജെ.പിക്ക് 5.4ഉം ശതമാനം വോട്ടുകളും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."